mla-
കെ എസ്ടിപി റോഡ് നിർമ്മാണത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് എംഎൽഎ വിളിച്ചുചേർത്ത യോഗം

റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയോരങ്ങളിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമറുകളുടെ അപകടാവസ്ഥ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി - കെ.എസ്.ടി.പി ഉന്നതാധികാരികൾ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനമായി .കെ.എസ്.ടി.പി റോഡ് നിർമ്മാണത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ഇട്ടിയപ്പാറ പഞ്ചായത്ത് ബസ്റ്റാൻഡിൽ കെ.എസ്.ഇ.ബി കരാറുകാരൻ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് അഞ്ച് ദിവസത്തിനകം നീക്കം ചെയ്യാൻ നിർദ്ദേശം നൽകി. കോഴഞ്ചേരിക്ക് പോകുന്ന ബസുകൾ ബ്ലോക്ക് പടിയിൽ സംസ്ഥാന പാതയോരത്തു തന്നെ നിറുത്തി ആളെ കയറ്റാനും ഇറക്കാനും നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി. കൂടാതെ ഇവിടെ സിഗ്നൽ ലൈറ്റും സ്ഥാപിക്കും.

ഉതിമൂട്ടിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കും

ഉതിമൂട്ടിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ കാമറ സ്ഥാപിക്കും. ഉയരം കുറഞ്ഞ ഉതിമൂട് പി.ഐ.പി കനാലിന്റെ അടിയിൽ വാഹനങ്ങൾ തട്ടാതിരിക്കാൻ മറുഭാഗത്തും വേണ്ട നടപടി സ്വീകരിക്കും. ഉതിമൂട് ജംഗ്ഷനിൽ നിന്നും കുമ്പളാംപൊയ്ക റോഡ് തിരിയുന്ന ഭാഗത്തെ ഓട പ്രശ്നം ഉടൻതന്നെ പരിഹരിക്കും. ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് കെ.എസ്.ടി.പി അധികൃതർ മാറ്റി സ്ഥാപിക്കും. പരിപാലനം റാന്നി പഞ്ചായത്ത് നിർവഹിക്കും.

വൺവേ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി

പെരുമ്പുഴ സ്റ്റാൻഡിൽ ബസുകൾ കയറുന്നതിനും ഇറങ്ങുന്നതിനും സൂചനാ ബോർഡുകൾ സ്ഥാപിക്കും.ബസുകൾ സ്റ്റാൻഡിന് വെളിയിൽ സംസ്ഥാന പാതയോരത്ത് നിറുത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നതിനും വൺവേ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനും പൊലീസിന് നിർദ്ദേശം നൽകി. പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ അനിതാ അനിൽകുമാർ,കെ.ആർ.പ്രകാശ്, വൈസ് പ്രസിഡന്റ് പി. എസ്.സതീഷ് കുമാർ , തഹസിൽദാർ പി.ഡി സുരേഷ് കുമാർ , കെ.എസ്.ടി. പി സൂപ്രണ്ടിംഗ് എൻജിനീയർ എൻ.ബിന്ദു എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ, റാന്നി സർക്കിൾ ഇൻസ്പെക്ടർ എം.ആർ സുരേഷ് എന്നിവർ സംസാരിച്ചു.