water
കുടിവെള്ള സ്രോതസുകളുടെ ഗുണനിലവാര പരിശോധന കിറ്റുകളുടെ വിതരണോദ്ഘാടനം നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി നിർവ്വഹിക്കുന്നു

തിരുവല്ല: ജൽജീവൻ പദ്ധതിയുടെ ഭാഗമായി നെടുമ്പ്രം പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസുകളുടെയും ഗുണനിലവാര പരിശോധനാ പരിപാടിക്ക് തുടക്കമായി. കിണറുകളിൽ നിന്ന് ശേഖരിക്കുന്ന വെള്ളം സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കും. ഇതിന് ആവശ്യമായ പരിശോധനാ കിറ്റുകൾ നെടുമ്പ്രം പഞ്ചായത്തിൽ എത്തിച്ചു. പരിശോധനയ്ക്ക് ജല അതോറിറ്റി നേതൃത്വം നൽകും. പഞ്ചായത്തിലെ 13 വാർഡുകളിലെ വീടുകളിൽ നിന്നും കിണർ ജലം ശേഖരിക്കും. മലിനമായ കുടിവെള്ളം ഉപയോഗിക്കുന്ന വീടുകൾ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.വെള്ളത്തിന്റെ പി.എച്ച്. മൂല്യം, ക്ഷാരഗുണം, ജലത്തിന്റെ കാഠിന്യം, നൈട്രേറ്റ്, ക്ളോറൈഡ്, ഫ്ളൂറൈഡ്, ഇരുമ്പ്, അവശിഷ്ട ക്ളോറിൻ, അമോണിയ, കലക്കൽ, കോളിഫോം ബാക്ടീരിയ, വൈറസ് സാന്നിദ്ധ്യം എന്നിവയെല്ലാം പരിശോധനയിൽ അറിയാനാകും. ഈ മാസം തന്നെ കുടിവെള്ള സ്രോതസുകളിൽ പരിശോധന നടത്തും. പരിഹാര മാർഗങ്ങളും നിർദ്ദേശിക്കും. ഇതിനായി ജലജീവൻ സഹായ ഏജൻസിയായ കേരള വോളന്ററി ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ 60 വോളന്റിയർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. തുടർന്ന് കുറ്റൂർ പഞ്ചായത്തിലും കുടിവെള്ള പരിശോധന നടക്കും. ശുദ്ധമായ കുടിവെള്ളം ലഭ്യമാകാത്ത വീടുകളിൽ പദ്ധതിയുടെ ഭാഗമായി സൗജന്യമായി കുടിവെള്ളം എത്തിച്ചു കൊടുക്കുമെന്ന് ടീം ലീഡർ അനഘ ശ്രീകുമാർ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മായാദേവി, പ്രീതമോൾ, ടീം ലീഡർ അനഘ ശ്രീകുമാർ, പരിശീലനം നേടിയ സിനി എന്നിവർ പ്രസംഗിച്ചു.