
പത്തനംതിട്ട: ശബരിമലയുടെ ചരിത്രത്തിലാദ്യമായി
പ്രത്യേക ക്യൂ സംവിധാനം ഇന്നലെ നടപ്പാക്കിയതോടെ ശരംകുത്തി മുതൽ തീർത്ഥാടകർക്ക് കാത്തുനിൽക്കേണ്ടി വന്നത് വെറും രണ്ടു മണിക്കൂറോളം മാത്രം.
ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തിയെങ്കിലും തിക്കുംതിരക്കും ഇല്ലാതെ ദർശനം നടത്താനായി.
ശരംകുത്തിയിൽ എത്തുന്ന തീർത്ഥാടകർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ആറു മണിക്കൂറിലേറെ കാത്തുനിൽക്കേണ്ടിവന്നിരുന്നു. ഇതുകാരണം പമ്പയിൽ നിന്നുള്ള മലകയറ്റം പത്തു മണിക്കൂർ വരെ നീണ്ടുപോയിരുന്നു. പമ്പയിൽ നിന്ന് ഇന്നലെ യാതൊരു തടസ്സവും ഇല്ലാതെ മലകയറാൻ കഴിഞ്ഞു.
ഹൈക്കോടതിയാണ് കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക ക്യൂ സജ്ജമാക്കാൻ ഉത്തരവിട്ടത്.
പ്രത്യേക ക്യൂ ആവശ്യമുള്ളവരെ വലിയ നടപ്പന്തലിനുമുന്നിൽ വച്ച് ഒൻപതാം നമ്പർ ക്യൂവിലേക്ക് മാറ്റിയാണ് പതിനെട്ടാം പടിക്ക് താഴെ തിരുമുറ്റത്തേക്ക് കടത്തിവിടുന്നത്.
കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും വിശ്രമിക്കാൻ വലിയ നടപ്പന്തൽ കഴിഞ്ഞ് താഴെ തിരുമുറ്റത്ത് വലതു വശത്തായി കസേരകൾ സജ്ജമാക്കിയിട്ടുണ്ട്. ഇവർക്ക് വെള്ളവും ലഘുഭക്ഷണവും നൽകുന്നുണ്ട്. സന്നിധാനം പൊലീസ് സ്പെഷൽ ഓഫീസർ ആർ. ആനന്ദിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക ക്യൂ.
കുട്ടികളെയും ഒപ്പമുള്ള ഒരാളെയും പ്രത്യേക ക്യൂവിലേക്ക് കയറ്റി വിടുന്നതിനോട് മലയാളികളായ തീർത്ഥാടകർ സഹകരിക്കുന്നുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കൂട്ടമായി എത്തുന്നവരിൽ പലരും തയ്യാറാകുന്നില്ല.
പ്രത്യക ക്യൂ വിജയമാണെന്നും തിരക്ക് നിയന്ത്രണ വിധേയമായെന്നും ദേവസ്വം ബോർഡും പൊലീസും വ്യക്തമാക്കി.
പ്രത്യേക ക്യൂവിലേക്ക്
1.പ്രത്യേക ക്യൂ മരക്കൂട്ടത്ത് നിന്ന് ചന്ദ്രാനന്ദൻ റോഡ് വഴി വലിയ നടപ്പന്തലിലേക്ക് തിരിച്ചുവിടാനുള്ള തീരുമാനം പ്രയോഗികമായില്ല. കുട്ടികൾ അടങ്ങുന്ന സംഘത്തെ മരക്കൂട്ടത്ത് നിന്ന് മാറ്റിയപ്പോൾ മറ്റു ഭക്തരും ചന്ദ്രാനന്ദൻ റോഡിലേക്ക് തള്ളിക്കയറി. ഇതൊഴിവാക്കാൻ വലിയനടപ്പന്തലിൽ നിന്ന് കുട്ടികൾ അടങ്ങുന്ന സംഘത്തെ പ്രത്യേക ക്യൂവിലേക്ക് മാറ്റാൻ തീരുമാനിച്ചു.
2. ശാരീരിക ശേഷിയുള്ള ഒരു തീർത്ഥാടകനെയും കൂട്ടി കുട്ടികളെയും ഭിന്നശേഷിക്കാരെയും പ്രായമായവരെയും പ്രത്യേക ക്യൂവിലേക്ക് മാറ്റാമെന്ന എന്ന തീരുമാനം നിർബന്ധമായി നടപ്പാക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സംഘമായി എത്തുന്നവർ വിസമ്മതിക്കുന്നതിനാൽ
സാധാരണ ക്യൂവിലും കുട്ടികളെ നിറുത്താൻ അനുവദിക്കും.
91, 668 പേർ
ഇന്നലെ എത്തിയവർ (രാത്രി 8.30 വരെ)
80 പേർ
ഒരു മിനിട്ടിൽ
ദർശനം നടത്തിയത്
പ്രത്യേക ക്യൂ ദർശനം
(രാത്രി 8.30 വരെ)
532
കുട്ടികൾ
494
പ്രായമായ സ്ത്രീകൾ
34
ഭിന്നശേഷിക്കാർ
പമ്പയിൽ ബാരിക്കേഡ്
വേണം:ഹൈക്കോടതി
കൊച്ചി: ദർശനംകഴിഞ്ഞ് എത്തുന്നവർക്ക് തിക്കും തിരക്കുമില്ലാതെ ബസിൽ കയറാൻ പമ്പയിൽ താത്കാലിക ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിർദേശം. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് ഉത്തരവ്.
ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യാത്തവർക്ക് ടിക്കറ്റ് നൽകാൻ ഇൻസ്‌പെക്‌ടർമാരെയും കണ്ടക്ടർമാരെയും നിയോഗിക്കണം. തീർത്ഥാടകർ ബസ് കാത്തുനിൽക്കേണ്ട സാഹചര്യം ഉണ്ടാകരുത്. തിരക്കുള്ള സമയങ്ങളിൽ പത്തു ബസും അല്ലാത്തപ്പോൾ മൂന്നു ബസും പമ്പയിൽ റിസർവായി ഉണ്ടാകണം. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.