 
പന്തളം: ടാർ ചെയ്യുന്നത് അശാസ്ത്രീയമായാണെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് പുനർനിർമ്മാണ ജോലികൾ തടഞ്ഞു. പന്തളം-തട്ടാരമ്പലം റോഡിലെ അറത്തിൽമുക്ക് ഭാഗത്തെ ജോലികളാണ് പരാതിക്കിടയാക്കിയത്. പരാതി പരിഹരിക്കാമെന്ന കെ.എസ്.ടി.പി അധികൃതരുടെ ഉറപ്പിൽ പിന്നീട് ജോലികൾ പുനരാരംഭിച്ചു. അറത്തിൽമുക്ക് ഭാഗത്ത് ഇന്നലെ രാവിലെയാണ് ടാറിങ്ങിനു മുന്നോടിയായുള്ള ജോലികൾ തുടങ്ങിയത്. മെറ്റിൽ വിരിച്ച ശേഷം പാറപ്പൊടിയിട്ട് ഉറപ്പിച്ച് ടാർ ചെയ്യാനായിരുന്നു ശ്രമമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബെന്നി മാത്യുവും സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരും ഇതിനെ എതിർത്തു. ഇതോടെ പണികൾ നിറുത്തിവച്ചു. തുടർന്ന് കെ.എസ്.ടി.പി അധികൃതരെ വിവരമറിയിച്ചു. മെറ്റിലും പാറപ്പൊടിയും നീക്കിയ ശേഷം നിർദ്ദിഷ്ട രീതിയിൽ ടാറിങ് നടത്താൻ അധികൃതർ നിർദേശിച്ചു. ഇതോടെ, മെറ്റിലും പാറപ്പൊടിയും മണ്ണുമാന്തി ഉപയോഗിച്ചു നീക്കി. ജോലികൾ തുടർന്നു