 
തിരുവല്ല: നഗരത്തിൽ എം.സി.റോഡിലെ പൈപ്പുകുഴി യാത്രക്കാർക്ക് അപകടക്കെണിയാകുന്നു.രാമഞ്ചിറയിലെ വാട്ടർ അതോറിറ്റി ഓഫീസുകൾക്ക് സമീപമാണ് യാത്രക്കാരെ കെണിയിലാക്കാൻ നടുറോഡിലായി കുഴി രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചങ്ങനാശേരി ഭാഗത്തേക്ക് ബൈക്കിൽ പോയ യുവാവ് ബസിന് സൈഡ് കൊടുക്കുന്നതിനിടെ കുഴിയിൽ ചാടി തെറിച്ചുവീണ് അപകടത്തിൽപ്പെട്ടിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിലാക്കിയത്. മറ്റു ചില യാത്രികർക്കും വാഹനങ്ങൾ കുഴിയിൽ ചാടി അപകടമുണ്ടായിട്ടുണ്ടെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു.നിലവാരമുയർത്തി റോഡ് ടാറിംഗ് ചെയ്തശേഷം ഇവിടെ പലതവണ കുഴികൾ രൂപപ്പെട്ടു.ആദ്യമൊക്കെ കോൺക്രീറ്റ് ചെയ്ത് കുഴിയടച്ചെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ തന്നെ ഇത് പൊളിഞ്ഞു പോയി. റോഡിന് ഈഭാഗത്ത് ചെരിവ് ഉള്ളതിനാൽ മഴയത്ത് ഒഴുക്ക് ശക്തമാണ്.വാട്ടർ അതോറിറ്റിയുടെ ചേംബർ ഈ ഭാഗത്തുണ്ട്.ചേംബറിന്റെ മേൽമൂടി സ്ഥാപിച്ച ഭാഗത്താണ് ടാറിംഗ് ഇളകി കുഴി രൂപപ്പെടുന്നത്.ഇതുമൂലം ഏറെക്കാലമായി റോഡിൽ കുഴി രൂപപ്പെട്ടിരിക്കുകയാണ്.
അധികൃതരെ അറിയിച്ചിട്ടും നടപടിയില്ല
വാഹനങ്ങൾ കുഴിയിൽ ചാടി അപകടമുണ്ടാകാതിരിക്കാൻ സമീപവാസികൾ റെഡ് സിഗ്നൽ കോൺ കുഴിയിൽ വച്ചിട്ടുണ്ട്. ടയറും ഇതിൽ കയറ്റിവച്ചിരിക്കുകയാണ്.എങ്കിലും റോഡിലെ ഇറക്കത്തിൽ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഏറെയാണ്. ഇക്കാര്യം ജലഅതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.