distri
മുംബൈ രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട പൈരോം കേ നിശാൻ എന്ന ചലച്ചിത്രത്തിന്റെ അവാർഡ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനിൽ നിന്നും ജി.ഐ. സി. ബ്രാൻഡ് അംബാസിഡർ കെ.ജി. ബാബുരാജൻ ഏറ്റുവാങ്ങുന്നു. ഫാ.ഡോ.ഏബ്രഹാം മുളമൂട്ടിൽ , ഡോ.രാജ്‌മോഹൻ പിള്ള, ഡോ.രമേശ് ഇളമൺ എന്നിവർ സമീപം

തിരുവല്ല: ഭാരതത്തിന്റെ സമസ്ത ഭാവങ്ങളെയും ഉൾക്കൊള്ളുകയും സ്വന്തം ജീവിതത്തിലൂടെ ആ സന്ദേശത്തെ ലോകത്തിന് പകർന്നു കൊടുക്കുകയും ചെയ്ത നേതാവായിരുന്നു ഗാന്ധിജിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഗാന്ധിജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ നിർമ്മിച്ച 'പൈരോം കേ നിശാൻ' (ദി ഫുട്പ്രിന്റ്സ് ) എന്ന ചിത്രത്തിന്റെ അവാർഡ് ദാനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബറിൽ മുബൈയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ നോൺ ഫീച്ചർ സിനിമയ്ക്കുള്ള ആറു അവാർഡുകൾ നേടി. സിനിമയുടെ ചിത്രീകരണം നടന്ന പെരിങ്ങര ഇളമൺ മനയിൽ നടന്ന യോഗത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് ജി.ഐ.സി.യ്ക്ക് വേണ്ടി നിർമാതാവ് കെ.ജി. ബാബുരാജൻ ഏറ്റുവാങ്ങി. മികച്ച സംവിധായകൻ തുളസിദാസ്‌, മികച്ച തിരക്കഥാകൃത്ത് പ്രൊഫ.കെ.പി.മാത്യു, മികച്ച ഛായാഗ്രാഹകൻ ഡോൺ പോൾ, മികച്ചനടൻ ജോർജ് പോൾ, മികച്ച സംഗീത സംവിധായകൻ സന്ദീപ് തുളസിദാസ്‌ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.ചടങ്ങിൽ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി.സി.മാത്യു, സെക്രട്ടറി സുധീർ നമ്പ്യാർ, ഭാരത് സേവക് സമാജ് സംസ്ഥാന ചെയർമാൻ ഡോ.രമേശ് ഇളമൺ,ഫാ.എബ്രഹാം മുളമൂട്ടിൽ, ഡോ.രാജ് മോഹൻപിള്ള, പ്രൊഫ.എ.ടി.ളാത്ര,ഡോ.ശോശാമ്മ ആൻഡ്രൂസ്, സാന്റി മാത്യു എന്നിവർ പ്രസംഗിച്ചു. അവാർഡ് നേടിയ ചിത്രത്തിന്റെ പ്രദർശനവും നടന്നു.