പത്തനംതിട്ട: നഗരത്തിൽ ഇന്നലെ അനുഭവപ്പെട്ടത് മൂന്ന് മണിക്കൂർ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇന്നലെ നടന്ന പോസ്റ്റ് ഓഫീസ് മാർച്ചും അബാൻ ജംഗ്ഷനിലെ മേൽപ്പാല നിർമ്മാണ പ്രവർത്തനങ്ങളും കാരണം അബാനിൽ നിന്ന് സെൻട്രൽ ജംഗ്ഷനിലേക്കുള്ള റോഡ് ബ്ലോക്ക് ചെയ്തതാണ് നഗരത്തിൽ ഗതാഗതക്കുരുക്കുണ്ടാകാൻ പ്രധാന കാരണം. മണിക്കൂറോളം കുരുക്കിൽപ്പെട്ട് ജനം വലഞ്ഞു. ടി. കെ റോഡിലാണ് കുരുക്ക് രൂക്ഷമായത്. ആംബുലൻസ് വാഹനങ്ങൾ പോലും ഗതാഗതക്കുരുക്കിൽപ്പെട്ടു. മേൽപ്പാല നിർമ്മാണം നടക്കുന്നതിനാൽ മിക്കദിവസവും അബാൻ ജംഗ്ഷനിൽ ഗതാഗത തടസമുണ്ടാകുന്നുണ്ട്. നഗരത്തിൽ പ്രധാന റോഡുകളുടെ ഇരു വശത്തും വാഹന പാർക്കിംഗും വർദ്ധിച്ചിരിക്കുകയാണ്. പോസ്റ്റ് ഓഫീസ് റോഡിന്റെ ഒരു വശത്ത് അനധികൃത പാർക്കിംഗ് നിരോധിച്ചിട്ടും ഫലം ഇല്ല. വീതികുറവുള്ള റോഡിൽ വാഹന പാർക്കിംഗ് നിരന്തരം ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. പഴയ ബസ് സ്റ്റാൻഡിൽ നിന്നും തൈക്കാവ് റോഡിലേക്ക് പോകുന്ന ഭാഗത്തെ അനധികൃത വാഹന പാർക്കിംഗ് സ്വകാര്യ ബസുകൾക്ക് ഇതു വഴി പോകുന്നതിന് തടസമാകുന്നുണ്ട്. ട്രാഫിക്ക് സംവിധാനം കുറെ നാളായി കുത്തഴിഞ്ഞ നിലയിലാണ്. നഗരത്തിന്റെ പല ഭാഗവും വഴിയോര കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.