പ്രമാടം : കോടികൾ മുടക്കി നിർമ്മിച്ച മല്ലശേരിമുക്ക് - പൂങ്കാവ് - ളാക്കൂർ - കോന്നി റോഡിൽ നിർമ്മാണ അപാകതയെന്ന പരാതിയെ തുടർന്ന് വിജിലൻസ് തെളിവെടുപ്പ് തുടങ്ങി. ഇന്നലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ റോഡും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും പരിശോധിച്ച വിജിലൻസ് സംഘം വിവിധ ഭാഗങ്ങളിൽ നിന്ന് സാമ്പിളുകളും ശേഖരിച്ചു. റോഡ് നിർമ്മാണത്തിലും സൈഡ് കോൺക്രീറ്റിംഗിലും ക്രമക്കേടുകൾ നടന്നിട്ടുള്ളതായാണ് പ്രാഥമിക നിഗമനം. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. അഴിമതിയുണ്ടെന്ന് കണ്ടെത്തിയാൽ കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം ഈടാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.
2017 ലെ കരാർ പ്രകാരമാണ് റോഡ് ഉന്നതനിലവാരത്തിൽ നവീകരിച്ചത്. എസ്റ്റിമേറ്റ് പ്രകാരമുള്ള ക്രാഷ് ബാരിയർ സ്ഥാപിക്കാതെ കരാറുകാരന് ജില്ലയിലെ ഒരു ഉന്നത പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥൻ ബിൽ മാറി നൽകിയത് വഴി ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ആഴ്ച ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന പണി തുടങ്ങി. ഇത് വിജിലൻസ് തടയുകയും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയറെ വിവരം അറിയിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കലിന്റെ ഭാഗമായാണ് ഈ നിർമ്മാണമെന്നാണ് നിഗമനം.