 
റാന്നി: പെരുനാട് - പെരുന്തേനരുവി റോഡിൽ ആഞ്ഞിലിമുക്കിനു സമീപത്തായി കെ.എസ്.ഈ.ബി സ്ഥാപിച്ചിരുന്ന ദിശാ സൂചിക നശിച്ചതിനാൽ പെരുന്തേനരുവിയിലേക്കെത്തുന്ന യാത്രക്കാർ വലയുന്നു. പെരുന്തേനരുവി വെള്ളച്ചാട്ടവും ഡാമും കാണുന്നതിനായി നിരവധിപേരാണ് പെരുനാട് - അത്തിക്കയം കുടമുരുട്ടി വഴി എത്തുന്നത്. എന്നാൽ ആഞ്ഞിലിമൂക്കിൽ നിന്നും രണ്ടു റോഡുകൾ തിരിയുന്ന ഭാഗത്തു സ്ഥാപിച്ചിരുന്ന ദിശാ സൂചിക നശിച്ചതോടെ പലരും വഴി തെറ്റി കൊച്ചുകുളം മേഖലയിലേക്ക് എത്തിപ്പെടുന്നുണ്ട്. പ്രദേശം സംരക്ഷിത വനമേഖകൂടിഅയതിനാൽ ഇവിടെ പലസമയത്തും ആളുകൾ കാണാറില്ല. അതുകൊണ്ടുതന്നെ സമീപത്തു സ്ഥാപിച്ചിരിക്കുന്ന പള്ളികളുടെയും അമ്പലങ്ങളുടെയും ബോർഡുകളിലെ ദിശ നോക്കിയാണ് പലരും കൊച്ചുകുളം ഭാഗത്തേക്ക് തിരിഞ്ഞു പോകുന്നത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ പെരുന്തേനരുവിയിലേക്ക് എത്തിപ്പെടാനുള്ള പാതയിൽ മതിയായ ദിശാ സൂചികകൾ ഇല്ലെന്ന് കേരള കൗമുദി മുമ്പും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ടൂറിസം അധികൃതരുടെ ഭാഗത്തുനിന്ന് പെരുന്തേനരുവിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കഴിയുന്നവിധം ഒന്നുംതന്നെ ചെയ്യുന്നില്ല.വെച്ചൂച്ചിറ പഞ്ചായത്തിന്റെ പ്രദേശങ്ങളിലെ റോഡുകൾക്കും മറ്റുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന ആക്ഷേപം ഇതിനോടൊപ്പം ഉയരുന്നുണ്ട്.
..........
കൊച്ചുകുളം ഭാഗത്തു നിന്നും ബസ് കയറാനും മറ്റും ആളുകൾ കാത്തു നിൽക്കുന്ന പ്രധാന സ്ഥലമാണ് ആഞ്ഞിലിമുക്ക്. എന്നാൽ എവിടെ നാളിതുവരെയായും കാത്തിരിപ്പ് കേന്ദ്രം സജീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ വിനോദ സഞ്ചാരികൾക്ക് കൃത്യമായി പെരുന്തേനരുവിയിലേക്ക് എത്തിപ്പെടാൻ കഴിയും വിധം ആഞ്ഞിലിമുക്കിൽ അടിയന്തരമായി ദിശാ ബോർഡ് സ്ഥാപിക്കുകയും ചെയ്യണം.
സിജോ
(പ്രദേശവാസി)