
ഇലവുംതിട്ട : ശിവഗിരി തീർത്ഥാടന സമ്മേളനവേദിയിൽ സ്ഥാപിക്കുവാനുള്ള ഗുരുദേവ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള രഥയാത്ര 24ന് ഉച്ചയ്ക്ക് 2.30ന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നിന്ന് ആരംഭിക്കും. 90 പദയാത്രികർ വിഗ്രഹ രഥഘോഷയാത്രയെ അനുഗമിക്കും. ഗുരുദേവ വിഗ്രഹരഥ പ്രയാണത്തിന്റെയും പദയാത്രയുടെയും ഉദ്ഘാടനം മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. മൂലൂർ സ്മാരക പ്രസിഡന്റ് കെ.സി.രാജഗോപാലൻ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എസ് എഴുമറ്റൂർ, എ.പി.ജയിൻ, ടി.വി സ്റ്റാലിൻ ,രേഖ അനിൽ, ഡോ.കെ.ജി.സുരേഷ്, ജി.കൃഷ്ണകുമാർ, മനോജ് ദാമോദരൻ, കെ.എൻ.രാധാചന്ദ്രൻ, വി.വിനോദ് എന്നിവർ സംസാരിക്കും. മൂലൂർ സ്മാരക സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ് സ്വഗതവും കെ.ജി.സുരേന്ദ്രൻ നന്ദിയും പറയും.