റാന്നി : റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള റാന്നി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കാൻ തീരുമാനം. റോഡുകളുടെ നിർമ്മാണത്തെ സംബന്ധിച്ച് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് തീരുമാനം. ജലവിതരണ കുഴലുകൾ മൂലം നിർമ്മാണ തടസം നേരിടുന്ന മേലേപ്പടി -ചെല്ലക്കാട്, വലിയപറമ്പിൽ പടി - ഈട്ടിച്ചുവട് , കിളിയാനിക്കൽ - തൂളികുളം എന്നീ റോഡുകൾ ഇരു വകുപ്പിലെയും അധികൃതർ പരിശോധന നടത്തി നിർമ്മാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി. നിർമ്മാണ പ്രതിസന്ധി നേരിടുന്ന വലിയപറമ്പിൽ പടി - ഈടിച്ചുവട് റോഡിന്റെ നിർമ്മാണം മാർച്ച് 31നകം പൂർത്തീകരിക്കാൻ നിർദ്ദേശം നൽകി. ചണ്ണ - കുരുമ്പൻമൂഴി റോഡ് ഏപ്രിൽ 31നകം പൂർത്തീകരിക്കും. മേലേപ്പടി -ചെല്ലക്കാട്, ബംഗ്ലാം കടവ് - വലിയകുളം റോഡ് മാർച്ചിൽ നിർമ്മാണം പൂർത്തീകരിക്കും. മടുക്കമുട് - അയ്യപ്പ മെഡിക്കൽ കോളേജ് റോഡ്. ബംഗ്ലാം കടവ് സ്റ്റേഡിയം റോഡിന്റെ നിർമ്മാണം ജനുവരി ഒന്നിന് ആരംഭിക്കും. പാറക്കാവ് - വാളക്കുഴി റോഡ് ഫെബ്രുവരിയിൽ പൂർത്തീകരിക്കും. കൊയ്പ്പളളി മേലേൽപ്പടി - മേലേതിൽ പടി റോഡ് ജനുവരിയിൽ നിർമ്മാണം ആരംഭിക്കും .അത്തിക്കയം - കടുമീൻ ചിറ റോഡിൽ ഒരു കലുങ്ക് പൂർത്തിയാകാൻ ഉണ്ട്. അവശേഷിക്കുന്ന റോഡുകളുടെ ടെണ്ടറിംഗും മറ്റ് നിർമ്മാണം നടപടികളും സമയബന്ധിതമായി പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.കെ.ഐ എക്സിക്യൂട്ടീവ് എൻജിനീയർ പ്രസാദ് പി.പ്രസാദ് അസി.എൻജിനീയർ റെസിൻ പി.ജോൺ എന്നിവർ പങ്കെടുത്തു.