തിരുവല്ല: ഹിന്ദു സ്‌കൂൾ എന്നറിയപ്പെടുന്ന കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ നൂറ് വയസ് പിന്നിട്ടിരിക്കുകയാണ്. 1922ൽ 1,2,3 ക്ലാസുകളോടെ പ്രവർത്തനം ആരംഭിച്ച ഈ സ്‌കൂൾ ഇന്ന് ഹയർ സെക്കൻഡറി സ്‌കൂളായി ഉയർന്നിരിക്കുകയാണ്. എം.എസ്.അനന്ത സുബ്രഹ്മണ്യ അയ്യർ ആയിരുന്നു ആദ്യ അദ്ധ്യാപകൻ. സ്‌കൂളിന്റെ അഭ്യുദയകാംക്ഷികളായ നാട്ടുകാരടങ്ങിയ മാനേജിംഗ് കമ്മിറ്റിയാണ് ദീർഘകാലം സ്‌കൂൾ ഭരണം നടത്തിയിരുന്നത്. ദൈനംദിന പ്രവർത്തനങ്ങൾ പോലും നടത്താൻ ബുദ്ധിമുട്ടനുഭവപ്പെട്ട സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിരുപാധികം സ്‌കൂൾ വിട്ടുനൽകാൻ മാനേജിംഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 1952ൽ സ്‌കൂൾ ദേവസ്വം ബോർഡ് ഏറ്റെടുത്തു. 1998ൽ ഹയർ സെക്കൻഡറി സ്‌കൂളായി ഉയർത്തുകയും, കൊമേഴ്‌സ്, സയൻസ്, ഹ്യുമാനിറ്റീസ് ക്ലാസുകൾ അനുവദിക്കുകയും ചെയ്തു. ഇപ്പോൾ ഹൈസ്‌കൂൾ വിഭാഗത്തിൽ 665 കുട്ടികളും, ഹയർ സെക്കൻഡറി വിഭാഗത്തിൽ 520 കുട്ടികളും 66 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഉണ്ട്. ഇപ്പോൾ പ്രിൻസിപ്പൽ നവനീത കൃഷ്ണനും പ്രഥനദ്ധ്യാപിക എസ്.ലതയുമാണ്. 23ന് സ്‌കൂളിന്റെ ശതാബ്ദിയാഘോഷം നടക്കുകയാണ്. പി.ടി.എ.പ്രസിഡന്റ് പി.കെ.ഗോപിദാസിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ശതാബ്ദി സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. മാത്യു.ടി.തോമസ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ മുഖ്യാതിഥി ആയിരിക്കും. ദേവസ്വം ബോർഡ് അംഗങ്ങളായ സി.എം.തങ്കപ്പൻ, അഡ്വ.എസ്.എസ്.ജീവൻ, നഗര സഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ്, പ്രിൻസിപ്പൽ നവനീത കൃഷ്ണൻ, പ്രഥമാദ്ധ്യാപിക എസ്.ലത, കൗൺസിലർമാരായ അന്നമ്മ മത്തായി, ശ്രീനിവാസ് പുറയാറ്റ്, അഡ്വ.ആർ.സനൽകുമാർ, കെ.ആർ.പ്രതാപ ചന്ദ്രവർമ്മ, കെ.ജയകുമാർ, തുടങ്ങിയർ പങ്കെടുക്കും. ആദ്യകാല അദ്ധ്യാപകരായ നമ്പള്ളിൽ കൃഷ്ണപിള്ള, രാമകൃഷ്ണൻ നായർ, വാസുദേവൻ പിള്ള, ഹരിദാസ്.എസ്, എം.പി.ശ്യാമളാകുമാരി എന്നിവരെ ആദരിക്കുന്നതും ശബ്ദമിശ്രണങ്ങളിൽ ദേശീയ അവാർഡുനേടിയ പൂർവ വിദ്യാർത്ഥി വിഷ്ണു ഗോവിന്ദ്, മേള വിദ്വാനും പൂർവവിദ്യാർത്ഥിയുമായ രാജീവ് കൃഷ്ണൻ എന്നിവരെ അനുമോദിക്കും. രാവിലെ 9.30ന് അദ്ധ്യാപകരും പി.ടി.എ.അംഗങ്ങളും ചേർന്ന് ശതാബ്ദി ദീപം തെളിയിക്കും.