മല്ലപ്പള്ളി : മദ്ധ്യതിരുവിതാംകൂറിലെ ഉത്സവകാലത്തെ ആദ്യ പടയണിക്ക്‌ തെള്ളിയൂർക്കാവ് പാട്ടമ്പലത്തിൽ ഇന്നലെ രാത്രിയിൽ ആചാരപൂർവം ചൂട്ടുവച്ചു. നാട്ടുകാരും മുറിക്കാരും വന്നിട്ടുണ്ടോ... ചൂട്ടുവയ്ക്കട്ടെ എന്ന് മൂന്ന് തവണ വിളിച്ചുചൊല്ലിയാണ് പാരമ്പര്യ അവകാശി കീരിക്കാട്ട് കുടുംബ പ്രതിനിധിഅശോക് ആർകുറുപ്പ് ചൂട്ടുവച്ചത്. പാട്ടമ്പലം കളമെഴുത്തമ്പലത്തിലെ നിലവിളക്കിൽ നിന്ന് ചൂട്ടുകറ്റ കത്തിച്ചതോടെ ആർപ്പുവിളികൾ ഉയർന്നു. വായ് കുരവയും അകമ്പടിയായി. തപ്പിന്റെ താളത്തിലാണ് പിന്നീട് പടയണിക്കാർ പാട്ടമ്പലം വലംവച്ചത്.കാളിയുടെ പീഠവും വാളും പ്രതിഷ്ഠിച്ച കൊച്ചമ്പലത്തിനു മുന്നിലായിരുന്നു ചൂട്ടുവയ്പ്പ്.തുടർന്ന് പുലവൃത്തം, ഗണപതി, പിശാച് കോലങ്ങളും കളത്തിൽ എത്തി. 21ന് രാത്രി പഞ്ചകോലങ്ങളാണ് പ്രധാനം. 22നാണ് പടയണിയിലെ ഏറ്റവും വിശേഷ ചടങ്ങായ ചൂരൽ അടവി. വൈകിട്ട് 4ന് മലയൂട്ട്, രാത്രി 12ന് വെച്ചൊരുക്ക്,2ന് ചൂരൽ അടവി. 24നാണ്‌ ഇടപ്പടയണി,25ന് വല്യപടയണി കാണാനായി ദീപാരാധനക്കു ശേഷം ഭഗവതിയെയും കാലേക്ഷിയമ്മയേയും ഇരുജീവിതകളിൽ പാട്ടമ്പലത്തിലേക്കു താലപ്പൊലിയോടെ വരവേൽക്കും.തുടർന്ന് ഭൈരവി കാലൻ കോലം അടക്കം മുഴുവൻ കോലങ്ങളും അമ്മയ്ക്ക് മുന്നിൽ ഓരോന്നായി തുള്ളി ഒഴിയും. 26ന് പുലർച്ചെ മംഗള ഭൈരവി തുള്ളുന്നതോടെ ഈ വർഷത്തെ പടയണിക്ക് ചൂട്ട് അണയും.