റാന്നി: മണ്ണാറക്കുളഞ്ഞി -ചാലക്കയം - ശബരിമല പാതയിൽ ളാഹ വിളക്കുവഞ്ചിക്ക് സമീപം വീണ്ടും ശബരിമലതീർത്ഥാടക വാഹനം അപകടത്തിൽപ്പെട്ടു. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ 7.50ന് കൊടും വളവിൽ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
കഴിഞ്ഞ മാസം 19ന് ഇതേ സ്ഥലത്തു ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയും ഒരു കുട്ടി ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. വളവുകളിൽ അപകട മുന്നറിയിപ്പിനായി സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളും ഇവിടെ പ്രവർത്തിക്കുന്നില്ല.