 
തിരുവല്ല: മാക് ഫാസ്റ്റ് കോളേജിന് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് അംഗീകാരം ലഭിച്ചു. ഈ മാസം ആദ്യം മാക് ഫാസ്റ്റിൽ നാക് ടീം നടത്തിയ സന്ദർശനത്തിൽ നാലിൽ 3.37 പോയിന്റുകളോടെ ഉയർന്ന സ്‌കോർ നേടിയാണ് ഈ അംഗീകാരം. ഒത്തൊരുമിച്ചുള്ള പ്രയത്‌നത്തിന്റെ ഫലമാണ് ഈവലിയ അംഗീകാരമെന്ന് കോളേജിന്റെ രക്ഷാധികാരിയും അതിരൂപത ആർച്ചുബിഷപ്പുമായ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഞ്ചു വർഷത്തിനിടയിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ എം.ബി.എ, എം.സി.എ, എം.എസ്.സി. പരീക്ഷകളിൽ മാക്ഫാസ്റ്റിലെ വിദ്യാർത്ഥികൾ 125 റാങ്കുകൾ സ്വന്തമാക്കിയതായി കോളേജ് ഡയറക്ടർ ഫാ.ഡോ.േചെറിയാൻ ജെ.കോട്ടയിലും പ്രിൻസിപ്പൽ ഡോ.വർഗീസ് കെ.ചെറിയാനും അറിയിച്ചു.കേരളത്തിലെ രണ്ടാമത്തെ കാമ്പസ് കേന്ദ്രീകൃത കമ്മ്യൂണിറ്റി റേഡിയോ ആയ റേഡിയോ മാക്ഫാസ്റ്റ് 90.4 പ്രവർത്തിയ്ക്കുന്നതും ഇവിടെയാണ്. പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് രഹിത ഗ്രീൻകാമ്പസ്, മാനേജ്‌മെന്റ് സ്റ്റഡീസിലും ബയോസയൻസസിലും രണ്ടു റിസർച്ച് സെന്ററുകൾ, വിദ്യാർത്ഥിസൗഹൃദ, കാർബൺ നെഗറ്റീവ് കാമ്പസ്, അത്യാധുനിക സ്റ്റാർട്ടപ് സെന്ററുകൾ, ഉയർന്ന കാമ്പസ് പ്ലേസ്‌മെന്റ്, കമ്മ്യൂണിറ്റി എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി അഞ്ചുഗ്രാമങ്ങളെ ദത്തെടുത്ത് അവിടുത്തെ കുടുംബങ്ങൾക്ക് അവശ്യ സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ, സ്‌കൂൾ കുട്ടികൾക്കായി മാക്ഫാസ്റ്റ് നോളജ് സ്‌കീം എന്നിവ പ്രത്യേകതകളാണ്.