 
പത്തനംതിട്ട : വിവേചനത്തെ വെല്ലുവിളിച്ച് തുടങ്ങിയതാണ് അയിരൂർ ശ്രീനാരായണ കൺവെൻഷനെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജാതി വിവേചനം ആണ് ഈ കൺവെൻഷൻ ഉണ്ടാകാൻ കാരണം. നദീ തീരങ്ങളിൽ ഒരുപാട് കൺവെൻഷൻ നടക്കാറുണ്ടെങ്കിലും അവിടെയെല്ലാം സവർണ അജണ്ടയാണുള്ളത്. എസ്.എൻ.ഡി.പിയോഗം കോഴഞ്ചേരി യൂണിയന്റെയും അയിരൂർ ശ്രീനാരായണ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന 29- ാമത് അയിരൂർ ശ്രീനാരായണ കൺവെൻഷനും ശ്രീനാരായണ ധർമ്മ പ്രബോധനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സവർണർ വോട്ട് ബാങ്കായപ്പോൾ ഈഴവരടക്കമുള്ള പിന്നാക്ക സമുദായം വോട്ട് ബാങ്കായില്ല. അധികാര പങ്കാളിത്തത്തിൽ വേണ്ടത്ര പരിഗണന പിന്നാക്കക്കാരന് കിട്ടുന്നില്ല. ഏറ്റവും കൂടുതൽ ഈഴവരുള്ള നാട്ടിൽ പോലും ഒരൊറ്റ സീറ്റ് മാത്രമാണുള്ളത്. അങ്ങനെ മതാധിപത്യം ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തപ്പോൾ തകർന്നടിഞ്ഞത് പിന്നാക്ക വിഭാഗങ്ങളുടെ സ്വപ്നങ്ങളും ഭരണത്തിലുള്ള പങ്കാളിത്വവുമാണ്.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്തൊക്കെ കോലാഹലമായിരുന്നു, അതിനെതിരായി നിന്നിട്ടും സർക്കാരിന്റെ മൂട് താങ്ങിയെന്ന് ആക്ഷേപിച്ചവരുമുണ്ട്. നിരാശാജനകം എന്നും സ്ത്രീകൾ പോകരുതെന്നുമായിരുന്നു തന്റെ അഭിപ്രായം. കാലം കഴിഞ്ഞപ്പോൾ എന്റെ നിലപാട് ശരിയാണെന്ന് വന്നു. ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയില്ലെന്ന കാരണത്താൽ, മുമ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നയാളിന്റെ പിണറായി വിരോധമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പൊറാട്ട് നാടകത്തിൽ കഥയറിയാതെ ആട്ടം കണ്ടു എല്ലാവരും. ഇലക്ഷന് മറിക്കാമെന്ന് വച്ചപ്പോൾ പിണറായി വീണ്ടും അധികാരത്തിൽ വന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ.മോഹൻബാബു അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവനെക്കുറിച്ചും യോഗത്തിന്റെ ചരിത്രവും ആദ്യകാല അനുഭവങ്ങളും വരുംതലമുറകളെ പഠിപ്പിക്കുവാനും ഓർമപ്പെടുത്തുവാനുമുള്ള അവസരമാണ് ശ്രീനാരായണ കൺവെൻഷൻ എന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ മിഷന്റെ സ്ഥാപകനും എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയൻ മുൻ വൈസ് പ്രസിഡന്റുമായ സി.കെ.ഭാസ്ക്കരനെ ആദരിച്ചു.
യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. അയിരൂർ ശ്രീനാരായണ മിഷൻ ഓർഗനൈസർ എസ്.ശ്രീകുമാർ , കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ, കൗൺസിലർമാരായ സോണി പി.ഭാസ്‌കർ, പ്രേംകുമാർ മുളമൂട്ടിൽ, രാജൻ കുഴിക്കാല, സുഗതൻ പൂവത്തൂർ, സിനു എസ്.പണിക്കർ തുടങ്ങിയവർ സംസാരിച്ചു. കോഴഞ്ചേരി യൂണിയൻ വനിതാസംഘം പ്രസിഡന്റ് വിനീതാ അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, ഖജാൻജി ആർ.കെ.ഉഷ, കമ്മിറ്റിയംഗം ടി.കെ.ലക്ഷ്മിക്കുട്ടി, വനിതാസംഘം അംഗങ്ങൾ, വിവിധ ശാഖാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഗുരുധർമ്മ പ്രചാരണ സമ്മേളനത്തിൽ വൈക്കം മുരളി മുഖ്യപ്രഭാഷണം നടത്തി. കോഴഞ്ചേരി ശാഖാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കാരംവേലി ശാഖാ പ്രസിഡന്റ് എം.വിജയരാജൻ, വെള്ളിയറ ശാഖാ പ്രസിഡന്റ് പ്രഭുലാൽ, കൈതക്കോടി ശാഖാ സെക്രട്ടറി വിപിൻ ലാൽ എന്നിവർ സംസാരിച്ചു.