അടൂർ : വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അടൂർ ഫയർ സ്റ്റേഷന് മുപ്പത്തിമൂന്ന് വർഷം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ സ്വന്തമായി കെട്ടിടം നിർമ്മിക്കാനുള്ള സാങ്കേതികാനുമതിയായി. ഇത് സംബന്ധിച്ച ഫയലിൽ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ ഇന്നലെ ഒപ്പുവച്ചു. ഇ - ടെൻഡർ വിളിച്ച് രണ്ട് മാസത്തിനുള്ളിൽ കെട്ടിടനിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ . അടൂർ - ആനന്ദപ്പള്ളി റോഡിൽ പന്നിവിഴ പീഠികയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം കെ. ഐ. പി വിട്ടുനൽകിയ രണ്ടേക്കർ സ്ഥലത്താണ് പുതിയ ഫയർസ്റ്റേഷൻ മന്ദിരം ഉയരുക. 1989 മാർച്ച് 31 നാണ് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാർ അടൂർഫയർസ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. അന്നുമുതൽ ചെറിയ സൗകര്യം മാത്രമുള്ള കെട്ടിടത്തിലാണ് പ്രവർത്തനം. ഫയർ എഞ്ചിനുകൾ എം. സി റോഡിന്റെ ഒാരത്താണ് പാർക്ക് ചെയ്യുന്നത്. നാലായിരത്തോളം രൂപയാണ് ഇന്നും വാടകയായി നൽകുന്നത്. ഇതിനെ തുടർന്ന് കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഉടമ ഫയർ ഫോഴ്സിന് വക്കീൽ നോട്ടീസ് നൽകിയിട്ട് മാസങ്ങളായി. പ്രവർത്തനം എവിടേക്ക് മാറ്റും എന്ന ആശങ്കയ്ക്കിടെയാണ് കെട്ടിടനിർമ്മാണത്തിനുള്ള സാങ്കേതികാനുമതി ലഭിച്ചത്. നിലവിലുള്ള തുകകൊണ്ട് കെട്ടിടനിർമ്മാണം പൂർത്തീകരിക്കാനാകില്ലെന്ന തർക്കം മൂലമായിരുന്നു അനുമതിയും കരാറും നീണ്ടുപോയത്. ഒടുവിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുൻകൈയെടുത്ത് വിളിച്ചു ചേർത്ത വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഒരുകോടി രൂപ തന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിക്കാമെന്ന അദ്ദേഹത്തിന്റെ ഉറപ്പിന്മേലാണ് ഇപ്പോൾ സാങ്കേതികാനുമതിയായത്.
നാൾ വഴി
2013 ഏപ്രിൽ 15 - ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി 2 ഏക്കർ സ്ഥലം കൈമാറി.
2017 മാർച്ച് 27 - മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതി നൽകി.
2021 ആഗസ്റ്റ് 11 - കെട്ടിട നിർമ്മാണത്തിനായി 4.38 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
2022 ജൂൺ 22 - 4.81 ലക്ഷത്തിന്റെ പുതുക്കിയ ഭരണാനുമതി.
2022 ഡിസംബർ 21 - കെട്ടിടനിർമ്മാണത്തിനുള്ള സാങ്കേതികാനുമതി.
പുതിയ കെട്ടിടത്തിൽ
സെല്ലാർ: ഫയർ എഞ്ചിനുകളും ഗ്യാരേജും.
ഗ്രൗണ്ട് ഫ്ളോർ : ഒാഫീസ്, മീറ്റിംഗ് ഹാൾ,
ഒന്നാം നില : ജീവനക്കാർക്കുള്ള താമസ സൗകര്യം.