തിരുവല്ല: കുറ്റപ്പുഴയിലെ വാടകവീട്ടിൽ തന്നെ ആഭിചാര ക്രിയകൾക്ക് വിധേയയാക്കാൻ ശ്രമിച്ചെന്ന കുടക് സ്വദേശിയായ യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പത്തുദിവസം മുൻപ് യുവതി സാമൂഹമാദ്ധ്യമത്തിലൂടെ നടത്തിയ വെളിപ്പെടുത്തൽ സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നത്. ആഭിചാരക്രിയകൾക്ക് താൻ ഇരയായതായി യുവതി വെളിപ്പെടുത്തുന്നുണ്ട്. ഇവരെ കുറ്റപ്പുഴയിൽ എത്തിച്ചെന്ന് പറയുന്ന അമ്പിളി എന്ന യുവതിയെയും വീടും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭർത്താവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് അമ്പിളി കൂട്ടിക്കൊണ്ടുവന്നതെന്നും നരബലി ശ്രമത്തിനിടെ രക്ഷപ്പെടുകയായിരുന്നെന്നുമാണ് യുവതി പറയുന്നത്. ഡിസംബർ എട്ടിന് തിരുവല്ല ബസ് സ്റ്റാൻഡിൽ നിന്ന് സ്‌കൂട്ടറിൽ തന്നെ കുറ്റപ്പുഴയിലെ വീട്ടിലെത്തിച്ചു. മന്ത്രവാദി എന്ന് അമ്പിളി പരിചയപ്പെടുത്തിയ ആൾ ഓട്ടോറിക്ഷയിലാണ് വന്നത്. രാത്രിയായതോടെ ശരീരത്തിൽ മാല ചാർത്തിയും മറ്റും പൂജ ആരംഭിച്ചശേഷം വലിയ വാളെടുത്ത് തന്നെ കൊലപ്പെടുത്താൻ പോവുകയാണെന്ന് അമ്പിളിയും മന്ത്രവാദിയും പറഞ്ഞു. അപ്പോൾ വീടിന് വെളിയിലെത്തിയ അമ്പിളിയുടെ പരിചയക്കാരൻ കോളിംഗ് ബെല്ലടിച്ചതോടെ വീടിനു പുറത്തേക്ക് ഓടി സഹായം അഭ്യർത്ഥിച്ചു. ഇയാളുടെ സഹായത്തോടെ പുലർച്ചെ കൊച്ചിയിലേക്ക് മടങ്ങിപ്പോയി. തന്റെ കൈയിൽ നിന്ന് പൂജയ്ക്കായി 21,000 രൂപ വാങ്ങിയതായും യുവതി വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച പരാതി പൊലീസിൽ ലഭിച്ചിട്ടില്ലെന്ന് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ റാവുത്തർ പറഞ്ഞു. ആരോപണങ്ങൾ സംബന്ധിച്ച് മൊഴിയെടുക്കാൻ യുവതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അസൗകര്യം പറഞ്ഞു