railway-station
ചെങ്ങന്നൂർ റെയിൽവെ സ്റ്റെഷനിൽ മടക്കയാത്രക്ക് ട്രെയിൻ കാത്തുനിൽക്കുന്ന തീർത്ഥാടകർ

ചെങ്ങന്നൂർ: തങ്ക അങ്കി ചാർത്തിയുളള മണ്ഡലപൂജയ്ക്ക് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ചെങ്ങന്നൂരിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം ഇരട്ടിയായി. തിരക്കിനനുസരിച്ച് ക്രമീകരണങ്ങൾ വിപുലമാക്കാൻ നഗരസഭയും ഉദ്യോഗസ്ഥവൃന്ദവും ഇനിയും തയാറായിട്ടില്ല. മണ്ഡല കാലാരംഭത്തിന് മുൻപു തന്നെ തീർത്ഥാടകർക്കാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കണമെന്ന ദേവസ്വം മന്ത്രിയുടെ നിർദ്ദേശവും ചെങ്ങന്നൂരിൽ ഇതുവരെ നടപ്പിലായില്ല.കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും തീർത്ഥാടകരെ കൊളളയടിച്ചിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിസംഗത തുടരുകയാണ്.തീർത്ഥാടകരുടെ ക്ഷേമത്തിനായി ആർ.ഡി.ഒയുടെ നേതൃത്വത്തിലുളള കോ -ഓഡിനേഷൻ കമ്മിറ്റിയും നിഷ്ക്രിയമാണ്.

ഓട്ടോറിക്ഷകൾക്ക് അമിത ചാർജ്

റെയിൽവേ സ്റ്റേഷനിൽ നിന്നും ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം വരെ പരമാവധി 1.4 കിലോമീറ്ററാണ് ദൂരമുള്ളത്. സ്റ്റേഷനിൽ നിന്നും ക്ഷേത്രം വരെ പോകാൻ 120 മുതൽ 200 രൂപ വരെ ഓട്ടോറിക്ഷകൾ ചാർജ് ഈടാക്കുന്നു.ഓട്ടോറിക്ഷയിൽ കുത്തിനിറച്ചാണ് യാത്രകൾ പോകുന്നത്.അമിത തുക സംബന്ധിച്ചു ചോദിച്ചാൽ വഴിയിൽ ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ഭക്തർ പരാതിപ്പെടുന്നു.സ്റ്റേഷനിൽ പ്രീപെയ്ഡ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെങ്കിലും വേണ്ടവിധം പ്രയോജനപ്പെടുന്നില്ല

കുളിക്കടവുകൾ സുരക്ഷിതമല്ല

പമ്പയാറ്റിലെ മിത്രപ്പുഴക്കടവും പാറക്കടവുമാണ് തീർത്ഥാടകർ കുളിക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഈ കടവുകളിൽ ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തമാണ്.കടവുകളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തത് പുലർകാലങ്ങളിലും സന്ധ്യകഴിഞ്ഞും ഇവിടെ എത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിന് പുറമെ അപകട സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. പാറക്കടവിലേക്കിറങ്ങുന്ന പടികളും പരിസരവും കാടുകയറിയ നിലയിലാണ്.രാത്രികാലങ്ങളിൽ പ്രദേശത്തു മദ്യപസംഘങ്ങളും സജീവമാണ്.രാത്രി എട്ടുവരെ തീർത്ഥാടകർ കടവിലെത്താറുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. മാലിന്യമടക്കമുള്ളവ കടവിൽ വന്നടിഞ്ഞു കൂടിയിട്ടും അവ നീക്കം ചെയ്തിട്ടില്ല.

പണത്തിനായി തീർത്ഥാടകർ വലയുന്നു
ബാങ്കിംഗ് മേഖല ഡിജിറ്റലായതോടെ ഇതര സംസ്ഥാന തീർത്ഥാടകരിൽ ഭൂരിപക്ഷവും പണം കൈയിൽ കരുതിയല്ല എത്തുന്നത്. കാശിനായി എ.ടി.എം കൗണ്ടറുകളെ ആശ്രയിക്കുന്നവർക്ക് പലപ്പോഴും പണം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. മഹാദേവ ക്ഷേത്രത്തിലെത്തുന്ന ഭക്തർ ഉപദേശക സമിതി ഭാരവാഹികളിൽ നിന്നടക്കം പണം വാങ്ങി, യു.പി.ഐ. രീതിയിൽ പേയ്‌മെന്റ് നടത്തിയാണ് യാത്ര തിരിക്കുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഭാരവാഹികളുടെ പക്കൽ നിന്നും പലർക്കായി 15,000 രൂപ വരെ പണമായി നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

വിശ്രമിക്കാൻ ഭൂരിപക്ഷം തീർത്ഥാടകർക്കും ഉളളത് പ്ലാറ്റ്‌ഫോമം മാത്രം

ദർശനത്തിനുശേഷം മലയിറങ്ങി അവശരായി നാട്ടിലേക്ക് മടക്കയാത്രയ്ക്ക് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന തീർത്ഥാടകർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യമില്ല. വെയിറ്റിംഗ് ഹാളിനു പുറമേ പണമടച്ചു ഉപയോഗിക്കാവുന്ന മൂന്നു മുറികൾ മാത്രമാണ് സ്റ്റേഷനിലുള്ളത്.ആയിരക്കണക്കിന് തീർത്ഥാടകരെത്തുന്ന സ്റ്റേഷനിൽ ഇത് ഒട്ടും പ്രയോജനകരമല്ല. സ്റ്റേഷനു പുറത്ത് 1000 രൂപ ഒരു മുറിക്ക് ഈടാക്കുമ്പോൾ ഇവ 400 രൂപയ്ക്കാണ് റെയിൽവേ നൽകുന്നത്. എന്നാൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം ചെങ്ങന്നൂരിൽ ഇല്ല.ഇതിൽ തന്നെ ഒരുമുറി സ്റ്റേഷനിലെ സ്റ്റാഫുകൾ ഫസ്റ്റ് എയ്ഡ് എന്ന നിലയ്ക്ക് എടുത്തിരിക്കുകയാണ്. നിലവിൽ രണ്ട് കട്ടിലുള്ള രണ്ട് മുറികൾ മാത്രമാണ് തീർത്ഥാടകർക്ക് ഉപയോഗിക്കാൻ കഴിയുന്നത്.

.........................

# തീർത്ഥാടകരെ പിഴിഞ്ഞ് കച്ചവടക്കാർ
# പേരിനുപോലും പരിശോധനയില്ല