ചെങ്ങന്നൂർ: പുന്തല പോളശേരിൽ അനീഷ് കുമാറിന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സംഘം ബംഗളുരുവിലെത്തി. കഴിഞ്ഞ മേയ് 12ന് കൊഴുവല്ലൂർ പാലനിൽക്കുന്നതിൽ ക്ഷേത്രത്തിനു സമീപം ജീർണ്ണിച്ച് പുഴുവരിച്ച നിലയിലാണ് അനീഷിന്റെ മൃതദേഹം കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കളും നാട്ടുകാരുംപരാതി നൽകിയിരുന്നു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗവും ഒപ്പുശേഖരണവും നടത്തിയിരുന്നു. അനീഷ് കടുത്ത മദ്യപാന ആസക്തിയുള്ള ആളാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ബംഗളുരുവിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. ഹോട്ടൽ ഉടമസ്ഥൻ അയാളുടെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വദേശമായ കേരളത്തിലേക്ക് പോയപ്പോൾ അനീഷിനെയാണ് ഹോട്ടലിന്റെ ചുമതല ഏൽപ്പിച്ചത്. മൂന്ന് ദിവസം കഴിഞ്ഞാണ് ഉടമ മടങ്ങി വന്നത്. മൂന്ന് ദിവസവും കട തുറക്കാതെ അനീഷ് മദ്യപിക്കുകയായിരുന്നെന്നാണ് ഹോട്ടൽ ഉടമ പൊലീസിന് നൽകിയ മൊഴി. തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പിന്നീടാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പുന്തല സ്വദേശിയായ അനീഷ് വിവാഹം കഴിഞ്ഞ ശേഷം ഭാര്യ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മൃതദേഹം ജീർണ്ണിച്ചിരുന്നതിനാൽ പോസ്റ്റുമോർട്ടം വഴി വിവരങ്ങൾ അറിയാൻ സാധിച്ചിരുന്നില്ല. ചെങ്ങന്നൂർ എസ്.ഐ അഭിലാഷ്, എ.എസ്.എ ഷമീർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.