പത്തനംതിട്ട : കോഴഞ്ചേരി പുതിയ പാലം പണി ആരംഭിച്ച് നാല് വർഷം പിന്നിടുമ്പോൾ വീണ്ടും നിർമ്മാണത്തിന് ടെൻഡർ വിളിച്ചിരിക്കുകയാണ് . 2018 ൽ ആരംഭിച്ച പാലം നിർമ്മാണം 2021 ൽ പൂർത്തിയാക്കുമെന്നായിരുന്നു കരാർ. എന്നാൽ പണി പൂർണമായി നിലച്ചിട്ട് ഒന്നര വർഷത്തിന് മേലെയായി. നിർമ്മാണം നടക്കുന്നതിനിടയിൽ ആദ്യം കരാറെടുത്തയാൾ ഫണ്ടിനെ ചൊല്ലിയുള്ള തർക്കത്തിൽ പണി ഉപേക്ഷിച്ച് പോയി. പിന്നീട് രണ്ട് തവണ ടെൻഡർ നടത്തിയെങ്കിലും കരാറുകാർ ആരും താൽപര്യമറിയിച്ചില്ല. വീണ്ടും നാലാമത് ടെൻഡർ ചെയ്യുകയാണിപ്പോൾ. സ്ഥലമേറ്റെടുപ്പും എസ്റ്റിമേറ്റ് സംബന്ധിച്ച കൃത്യതയില്ലായ്മയുമാണ് നിർമ്മാണം നീണ്ടുപോകാൻ കാരണം. നിർമ്മാണം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ ടെൻഡർ നടപടികളിലൊതുങ്ങുകയാണ് കോഴഞ്ചേരി പാലം.
2018 ഡിസംബറിലാണ് പാലത്തിന്റെ പണി ആരംഭിച്ചത്. 2021 ഡിസംബർ 31ന് കരാർ കാലാവധി അവസാനിക്കുകയും ചെയ്തു. കോഴഞ്ചേരി ഭാഗത്ത് 90 മീറ്ററും നെടുംപ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകൾ നിർമ്മിച്ചാണ് പണിനടക്കുന്നത്. ഈ അപ്രോച്ച് റോഡിന്റെ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. മാർക്കറ്റ് റോഡിൽ നിന്ന് ആരംഭിക്കുന്ന റോഡ് തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള റോഡിലാണ് എത്തുക.
മാരാമൺ കൺവെൻഷനോടനുബന്ധിച്ച് പമ്പയാറിന്റെ കടവുകളിലേക്കുള്ള വഴികൾ നിലനിറുത്തുന്നതിനായി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിനു സമീപം നടവഴികളുണ്ട്. പഴയ കോഴഞ്ചേരി പാലത്തിന് 5.5 മീറ്റർ വീതിയാണുള്ളത്. 1948ൽ ആണ് കോഴഞ്ചേരി പാലം നിർമ്മിക്കുന്നത്.
നിർമ്മാണ ചെലവ്
20.58 കോടി രൂപ
നീളം : 207.2 മീറ്റർ
വീതി : 12 മീറ്റർ