 
പ്രമാടം : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മറൂർ - വട്ടക്കുളഞ്ഞി റോഡ് ടാർ ചെയ്തു.തകർന്ന് തരിപ്പണമായ റോഡിന്റെ ദുരവസ്ഥ സംബന്ധിച്ച് കേരളകൗമുദി നിരവധി തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. അഞ്ച് വർഷത്തോളമായി അറ്റകുറ്റപ്പണിപോലും റോഡിൽ നടന്നിരുന്നില്ല. തകർച്ചയെ തുടർന്ന് ഒരുകുഴിയിൽ നിന്ന് പടുകുഴിയിലേക്ക് ചാടുന്ന അവസ്ഥയിലുള്ള റോഡിൽ അപകടങ്ങളും നിത്യസംഭവമായിരുന്നു. കാൽനട യാത്രയും വാഹന ഗതാഗതവും ഒരുപോലെ ദുരിതമായ റോഡിൽ ടാറിംഗ് ഇളകി വലിയ ഗർത്തങ്ങൾ വരെ രൂപപ്പെട്ട നിലയിലായിരുന്നു. വാർത്തകളെ തുടർന്ന് വാർഡ് മെമ്പർ കെ.എം.മോഹനന്റെ നിർദ്ദേശ പ്രകാരമാണ് പഞ്ചായത്ത് ഫണ്ട് അനുവദിച്ച് ടാറിംഗ് നടത്തിയത്. റോഡ് ഗതാഗത യോഗ്യമായതോടെ പത്തനംതിട്ട നഗരത്തിൽ നിന്ന് വലഞ്ചുഴി ദേവീക്ഷേത്രം, വട്ടക്കുളഞ്ഞി, കുമ്പഴ,പ്രമാടം,കോന്നി, ളാക്കൂർ ഭാഗങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയും. പൂങ്കാവ് റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്. അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്ന് പത്തനംതിട്ട - പൂങ്കാവ് - കോന്നി റോഡിൽ മറൂർ ഭാഗത്ത് വെള്ളം കറയുമ്പോഴും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.