മല്ലപ്പള്ളി : നാല് മലദേവതകളെ ത്രിസന്ധ്യയിൽ മലവേലൻ വിളിച്ചിറക്കിയതോടെ തെള്ളിയൂർക്കാവ് പാട്ടമ്പലം പടയണിക്കളം ചൂരൽ അടവിക്കായി ഒരുങ്ങിനിന്നു. കരിക്കും കമുകിൻ പൂക്കുലയും കളം ചമച്ച് കറുപ്പുടുത്തു അരമണി കുലുക്കി പറ ചാറ്റി മലവേലൻ ഉറഞ്ഞതോടെ മലദേവതകൾ സംപ്രീതരായി. തുടർന്ന് കളമെഴുതിപാട്ടിന് ശേഷം പുലവൃത്തം നടന്നു. കാവിലമ്മയുടെ ആദ്യ ഭൈരവി ചൂട്ടുവെട്ടവും ആർപ്പോ വിളിയുമായി ഭക്തർ കളത്തിലേക്ക് കാപ്പൊലിച്ചു. കുതിരക്കോലങ്ങൾ കളത്തിൽ തുള്ളിക്കളിച്ച ശേഷം 64 കരിക്കുകൾ നിരത്തി വെച്ചൊരുക്കായി. പാനഅടി നടത്തി അടവിക്കാർ ഓടി മറഞ്ഞു തുടർന്ന് മുള്ളുകൾ നിറഞ്ഞ ചൂരൽ ഒടിച്ച് ഭക്തർ ഉറഞ്ഞു വീണതോടെ അമ്മക്ക് നിണബലി സമ്പൂർണമായി.ഇന്നും നാളെയും വഴിപാട് കോലങ്ങൾ കളത്തിൽ എത്തും. ഞായറാഴ്ച വല്യപടേനി. തിങ്കളാഴ്ച പുലർച്ചെ മംഗളഭൈരവിയോടെ തെള്ളിയൂർക്കാവ്‌ പടയണിക്ക് പാട്ടമ്പലത്തിൽ ചൂട്ട് അണയും.