1
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സിക്കിം സന്ദർശിച്ചപ്പോൾ

അടൂർ : ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളും ഉദ്യോഗസ്ഥരും ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ പഠന ഗവേഷണത്തിന്റെ ഭാഗമായി സിക്കീം സന്ദർശിച്ചു. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാറിന്റെ നേതൃത്വത്തിൽ പത്തൊൻപത് അംഗ സംഘമാണ് സിക്കീമിലെ വിവിധ ഗ്രാമ പഞ്ചായത്തുകളും സർക്കാർ സ്ഥാപനങ്ങളും സന്ദർശിച്ചത്. സിക്കീമിലെ ഗ്യാൽഷിങ് ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ്‌ ഡി.എസ്.ലിമ്പു, വൈസ് പ്രസിഡന്റ്‌ അനിതറായി എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് പദ്ധതി പ്രവർത്തനങ്ങളുടെ രൂപീകരണവും നിർവഹണവും സംബന്ധിച്ചുള്ള ഓപ്പൺ ഫോറവും നടന്നു. സംഘം സിംഗ്യാങ് ചുംബും ഗ്രാമപഞ്ചായത്തും സന്ദർശിച്ചു. സിക്കീമിലെ സർക്കാർ സംരംഭങ്ങളായ സിക്കിം ബജങ്കരി വാട്ടർ ഫാൾസ് ആൻഡ് എനർജി പാർക്ക്, സിക്കീം ഹാൻഡ്ലൂം ആൻഡ് ഹാൻഡിക്രാഫ്റ്റ് ഡയറക്ടറേറ്റ്, നാംജിയാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടിബറ്റോളജി എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. ചർച്ചകൾക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ ഫിനാൻസ് ഓഫീസർ എൻ.നന്ദകുമാർ നേതൃത്വം നൽകി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖാസുരേഷ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാപ്രഭ, ജോർജ് എബ്രഹാം, സി.കൃഷ്ണകുമാർ, രാജി.പി.രാജപ്പൻ, സി.കെ ലതാകുമാരി, മായ അനിൽ കുമാർ, വി.ടി.അജോമോൻ, ജിജോ മോഡി, ജെസ്സി അലക്സ്‌, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങി പന്ത്രണ്ട് ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളും അഞ്ച് ഉദ്യോഗസ്ഥരും രണ്ടു കില പ്രതിനിധികളും അടങ്ങിയതായിരുന്നു സന്ദർശക സംഘം. ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ എ.ആർ.അജീഷ് കുമാർ, കണ്ണൂർ ഡി.പി.സി അംഗം കെ.വി.ഗോവിന്ദൻ എന്നിവരാണ് കിലയ്ക്ക് വേണ്ടി ഏകോപന ചുമതല നിർവഹിച്ചത്.