 
പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കിയ ചീരഗ്രാമം പദ്ധതിയുടെ ആദ്യ വിളവെടുപ്പ് പാറക്കര വാർഡിൽ നടന്നു. വർഷം മുഴുവനും വാണിജ്യ അടിസ്ഥാനത്തിൽ ചീര ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതി വൻ വിജയമായിരിക്കുകയാണ്. 20 കർഷകർ ചേർന്ന് നടത്തിയ കൃഷിയുടെ ആദ്യത്തെ വിളവെടുപ്പാണ് നടന്നത്. തൈക്കൽ ചീര, ബ്ലാത്തങ്കര ചീര എന്നിവ വ്യാപകമായി കൃഷി ചെയ്യുകയും ഇവയുടെ വിത്ത് ഉത്പാദിപ്പിച്ച് വരും വർഷങ്ങളിലേക്ക് ഉപയോഗപ്പെടുത്താനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്തത് പോലെ ചിട്ടയായ മുന്നൊരുക്കത്തോട് കൂടിയാണ് പദ്ധതി നടപ്പാക്കിയത്. വലിയ രീതിയിലുള്ള അധിക ഉത്പാദനം ഉണ്ടായാൽ വില തകർച്ച നേരിടേണ്ടി വരും എന്ന് മുൻകൂട്ടികണ്ടു ഇടവിട്ട ദിവസങ്ങളിൽ ആണ് കർഷകർ വിത്ത് പാകിയത്. ഇതുമൂലം ദിവസവും ആവശ്യാനുസരണത്തിനുള്ള ചീര പഞ്ചായത്തിൽ നിന്ന് ഉത്പാദിപ്പിക്കാൻ കഴിയുന്നു എന്നതാണ് പദ്ധതിയുടെ വിജയം. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. വിദ്യാധരപ്പണിക്കർ, ഹരിതസംഘം ഭാരവാഹികളായ മോഹൻകുമാർ, എം. ജി.പ്രസാദ്, സീനിയർ അസിസ്റ്റന്റ് എൻ.ജിജി തുടങ്ങിയവർ പങ്കെടുത്തു.