പള്ളിക്കൽ: പള്ളിക്കൽ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഓപ്പൺ എയർ ഓഡിറ്റോറിയം നവീകരിക്കാൻ നടപടി. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 7.25 ലക്ഷം അനുവദിച്ചു. ഇവിടെയുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം സംരക്ഷണമില്ലാതെ ചോർന്നൊലിച്ച് നശിക്കുകയാണ്. ചോർച്ച ഒഴിവാക്കാൻ റൂഫിംഗ് ഷീറ്റ് സ്ഥാപിക്കും. പുതിയ കതകുകളും കട്ടിളകളും വയ്ക്കും. തറയിൽ ടൈലും മുറ്റത്ത് തറയോട് പാകും. 35 വർഷം മുൻപാണ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഓപ്പൺ എയർ ഓഡിറ്റോറിയം സ്ഥാപിച്ചത്. പഞ്ചായത്തിന്റെ പരിപാടികൾ ഉൾപ്പെടെ ഒന്നും ഇവിടെ നടത്തിയിരുന്നില്ല. സ്റ്റേഡിയത്തിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമാണ് ഇവിടം. കാലപ്പഴക്കത്തിൽ മേൽക്കൂരയും ചോർന്നൊലിച്ച് നശിച്ചു കൊണ്ടിരിക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ വാർത്ത കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ് ഇടപെട്ട് നവീകരണത്തിന് ഫണ്ടനുവദിപ്പിച്ചത്.