അടൂർ: അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലുള്ള സംയുക്ത ക്രിസ്മസ് ആഘോഷം 25 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് മൂന്നിന് കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് റാലി ആരംഭിക്കും. ഫ്ലോട്ടുകൾ, ബാൻഡ് സെറ്റ്, ദൃശ്യകലാരൂപങ്ങൾ എന്നിവ റാലിയിൽ അണിനിരക്കും. വൈകിട്ട് അഞ്ചിന് അടൂർ ഗാന്ധി സ്മൃതി മൈതാനിയിൽ നടക്കുന്ന സമ്മേളനം സീറോ മലബാർ കത്തോലിക്ക സഭ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ക്രിസ്മസ്, പുതവത്സര സന്ദേശവും ജീവകാരുണ്യ പ്രർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും. ഫാ.തോമസ് പൂവണ്ണാൽ അദ്ധ്യക്ഷനാകും. തുടർന്ന് കലാസന്ധ്യ നടക്കും. ക്രിസ്മസ് സമ്മേളനത്തിന്റെ ഭാഗമായി ഡിസംബർ 24 ന് വൈകിട്ട് മൂന്നിന് വിളംബര റാലി നടക്കും. കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നിന്ന് റാലി ആരംഭിച്ച് പറക്കോട്,കിളിവയൽ, ചൂരക്കോട്,മണക്കാല, പെരിങ്ങനാട്,പറന്തൽ,മാമ്മൂട്, ആനന്ദപ്പള്ളി,കോട്ടപ്പുറം,കരുവാറ്റ വഴി ഗാന്ധി സ്മൃതി മൈതാനിയിൽ സമാപിക്കുമെന്ന് അഘോഷ കമ്മിറ്റി ചെയർമാൻ ഫാ.ജോൺ തോമസ്, വൈസ് ചെയർമാൻ സി.ജോൺ മാത്യു, ജനറൽ സെക്രട്ടറി ഡെന്നീസ് സാംസൺ,ട്രഷറർ മാത്യൂ ജേക്കബ്, ഫിനാൻസ് കമ്മിറ്റി കൺവീനർ കെ.കെ. ജെയിംസ് ജോർജ്ജ്, പബ്ലിസിറ്റി കൺവീനർ ബേബി ജോൺ എന്നിവർ പറഞ്ഞു.