
റാന്നി : എല്ലാ സങ്കല്പങ്ങളും ഈശ്വരനെ തേടി പോകുമ്പോൾ ശബരിമലയിൽ ഓരോ ഭക്തനും ഈശ്വരനെ അനുഭവിക്കുകയാണെന്ന് പ്രൊഫ.വി.ടി.രമ അഭിപ്രായപ്പെട്ടു. അയ്യപ്പഭാഗവത സത്രത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. മണികണ്ഠനെന്നാൽ വിശുദ്ധിയുടെ അധിപൻ എന്നാണ് മനസിലാക്കേണ്ടത്. ഞാനും ദൈവവും രണ്ടല്ല ഒന്നാണ് എന്ന് പഠിപ്പിക്കുന്ന ഒരാചാര പദ്ധതിയാണ് അയ്യപ്പൻ. ദ്വന്ദങ്ങളുടെ സമ്മിശ്രമാണ് നമ്മളും പ്രകൃതിയും. ഈശ്വരൻ എന്നെക്കാൾ ഏറ്റവും ഉയർന്നതലത്തിൽ നിൽക്കുന്ന വ്യക്തിയോ സങ്കല്പമോ സത്യമോ ആണെന്ന തോന്നലാണ് മനുഷ്യൻ വച്ചുപുലർത്തുന്നത്. അയ്യപ്പൻ ഏറ്റവും മുകളിലുള്ള മലയിലാണെങ്കിലും ആ മുകളിലേക്കെത്തി പ്രതിഷ്ഠിക്കപ്പെടേണ്ടത് നാമോരോരുത്തരും തന്നെയാണെന്നാണ് അയ്യപ്പ ധർമം പഠിപ്പിക്കുന്നത്. അതാണ് തത്വമസി എന്ന മഹാവാക്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും വി.ടി.രമ പറഞ്ഞു. അയിരൂർ ജ്ഞാനാന്ദാശ്രമം ദേവി സംഗമേശാനന്ദ സരസ്വതി, രമാദേവി ഗോവിന്ദ വാര്യർ, ശ്രീകുമാരിയമ്മ, ഡോക്ടർ ഗീത, സിമി ഹരികുമാർ, സത്രം ജനറൽ കൺവീനർ എസ്.അജിത് കുമാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല തുടങ്ങിയവർ പ്രസംഗിച്ചു.