elvin
എൽവിൻ

പത്തനംതിട്ട: റോഡിലെ കലുങ്ക് നിർമ്മാണത്തിന് സൂക്ഷിച്ച ഇരുമ്പുകമ്പികൾ മോഷ്ടിച്ച് ബൈക്കിൽ കടത്തിയ രണ്ട് യുവാക്കളെ കീഴ്‌വായ്പ്പൂര് പൊലീസ് പിടികൂടി. മല്ലപ്പള്ളി കല്ലൂപ്പാറ ചെങ്ങരൂർചിറ കുന്നക്കാട് വീട്ടിൽ എൽവിൻ (25), കുന്നന്താനം തോട്ടപ്പടി മൈലമൺ ചൂരകുറ്റിക്കൽ വീട്ടിൽ ജിബിൻ (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ബൈക്ക് ഓടിച്ചുപോയ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മൂന്നാം ദിവസം മോഷ്ടാക്കളെ കണ്ടെത്താനായത്. പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ സുരേന്ദ്രൻ, ജയകൃഷ്ണൻ, എ.എസ്.ഐ അജു കെ. അലി, സി.പി.ഓമാരായ ജെയ്‌സൺ, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മോഷ്ടാക്കൾ സ്ഥിരം കുറ്റവാളികളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.