sivabodhananda
അയിരൂർ ശ്രീനാരായണ കൺവെൻഷനിലേക്ക് കോടുകുളഞ്ഞി വിശ്വധർമ്മ മഠം മഠാധിപതി സ്വാമി ശിവബോധാനന്ദയെ പൂർണ കുംഭം നൽകി സ്വീകരിക്കുന്നു

കോഴഞ്ചേരി : മാനവരാശിക്ക് മഹത്വത്തിന്റെ മഹാമന്ത്രമരുളിയ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളുടെ പ്രബോധനം അയിരൂർ ശ്രീനാരായണ കൺവെൻഷന്റെ രണ്ടാംദിവസത്തെ ധന്യമാക്കി​. കോടുകുളഞ്ഞി വിശ്വധർമ്മ മഠം മഠാധിപതി സ്വാമി ശിവബോധാനന്ദയാണ് ധർമ്മ പ്രബോധനത്തിനും ധ്യാനത്തിനും സർവൈശ്വര്യ പൂജയ്ക്കും നേതൃത്വം നൽകിയത്. സ്വാമിയെ പൂർണം കുംഭം നൽകി സ്വീകരിച്ചു. അയിരൂർ ഇൗസ്റ്റ് വനിതാസംഘത്തിന്റെ ഭക്തിഗാന സുധയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് പ്രാർത്ഥന, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രസാദ വിതരണം എന്നിവ നടന്നു. വൈകിട്ട് മഹാ സർവൈശ്വര്യ പൂജയിൽ നിരവധി ശ്രീനാരായണീയർ പങ്കാളികളായി.

കോന്നി എസ്.എ.എസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.പി.കെ മോഹൻരാജ് ധ്യാന സന്ദേശം നൽകി. അയിരൂർ ശാഖാ പ്രസിഡന്റ് എ.കെ. പ്രസന്നകുമാർ,ചിറപ്പുറം ശാഖാ സെക്രട്ടറി ഒ.വി.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

കൺവെൻഷനിൽ ഇന്ന്

രാവിലെ ഒൻപത് മുതൽ കഞ്ഞീറ്റുകര വനിതാസംഘത്തിന്റെ ഭക്തിഗാനസുധ.10.30ന് യുവജന സമ്മേളനം.ഉദ്ഘാടനം ഇടുക്കി പാമ്പനാർ കോളേജ് പ്രിൻസിപ്പൽ ഡോ.സനൽകുമാർ. അദ്ധ്യക്ഷൻ എസ്.എൻ.ഡി.പി യോഗം ബോർഡ് അംഗം പി.ആർ.രാകേഷ്. ഉച്ചയ്ക്ക് രണ്ടിന് വനിതാസമ്മേളനം ഉദ്ഘാടനം വനിതാസംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ. അദ്ധ്യക്ഷ കോഴഞ്ചേരി യൂണിയൻ വനിതാ സംഘം പ്രസിഡന്റ് വിനീതാഅനിൽ. മുഖ്യപ്രഭാഷണം ഗുരുധർമ്മ പ്രചാരക ആശാ പ്രദീപ്.