congress
തിരുവല്ല-കല്ലുങ്കൽ ബസ് സർവ്വീസിന് യൂത്ത് കോൺഗ്രസ് സ്വീകരണം നൽകിയപ്പോൾ

തിരുവല്ല: കല്ലുങ്കൽ, വെൺപാല നിവാസികളുടെ ആശ്രയമായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിച്ചു. തിരുവല്ല-കല്ലുങ്കൽ റൂട്ടിൽ മുടങ്ങികിടന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാലയുടെ നേതൃത്വത്തിൽ എ.ടി.ഒ ക്ക് നിവേദനം നൽകിയിരുന്നു. ഇന്നലെ രാവിലെ മുതൽ പുനരാരംഭിച്ച ബസ് സർവീസിന് കല്ലുങ്കലിൽ ബ്ലോക്ക്‌ പഞ്ചായത്തംഗം വിശാഖ് വെൺപാല,യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ ജോൺസൺ വെൺപാല,കൊച്ചുമോൻ കല്ലുങ്കൽ, ഷാജി മാത്യു, ലിജോ ജോസഫ്,വിനീത് വെൺപാല, എബി കല്ലുങ്കൽ,അഖിൽ ചിറയിൽ,ബിനു ചിറക്കമാലിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആദ്യഘട്ടം രാവിലെയും വൈകിട്ടുമായി രണ്ട് സർവീസാണ് ക്രമീകരിച്ചത്.കളക്ഷന്റെ അടിസ്ഥാനത്തിൽ കൂടുതൽ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 8.30ന് തിരുവല്ലയിൽ നിന്നും കല്ലുങ്കൽ വരെയും തിരിച്ചു 9ന് കല്ലുങ്കലിൽ നിന്നും കോട്ടയം വരെയും വൈകിട്ട് 4.20ന് തിരുവല്ലയിൽ നിന്ന് കല്ലുങ്കൽ വരെയും തിരികെ 5ന് കല്ലുങ്കലിൽ നിന്ന് കോട്ടയം വരെയുമാണ് സർവീസ്.