പന്തളം : വിദ്യാർത്ഥികളുടെ ക്രിസ്മസ് ആഘോഷം കൂട്ടത്തല്ലിൽ കലാശിച്ചു. പന്തളം എൻ.എസ്.എസ് കോളേജിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷമാണ് കോളേജിന് പുറത്ത് വിദ്യാർത്ഥികൾ സംഘടിച്ച് പരസ്പരം ഏറ്റുമുട്ടാനിടയാക്കിയത്. ഇന്നലെ രാവിലെയായിരുന്നു ആഘോഷം. ഉച്ചയ്ക്കുശേഷം കോളേജിന് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ പല സ്ഥലങ്ങളിലായി പരസ്പരം ഏറ്റുമുട്ടി വൈകുന്നേരം നാലരയോടെ പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി വീണ്ടും സംഘട്ടനമുണ്ടാവുകയായിരുന്നു. വിദ്യാർത്ഥികളെ പൊലീസ് വിരട്ടി ഓടിച്ചു. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികളായ കായംകുളം സ്വദേശി ആദർശ് (21), കൊട്ടാരക്കര സ്വദേശി കിരൺ (19), കണ്ണൂർ മട്ടന്നൂർ സ്വദേശി വിഷ്ണു (19),ശൂരനാട് സ്വദേശി രാഹുൽരാജ് (22), എന്നിവരെ കസ്റ്റഡിയിലെടുത്തു.