തിരുവല്ല: കുറ്റപ്പുഴയിലെ വാടകവീട്ടിൽ യുവതിയെ ആഭിചാരക്രിയകൾക്ക് വിധേയയാക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജതമാക്കി. തന്നെ ഇവിടെ എത്തിച്ചതെന്ന് കുടക് സ്വദേശിയായ യുവതി ആരോപിച്ച അമ്പിളിയുടെ മൊഴി ഇന്നലെ തിരുവല്ല ഡി.വൈ.എസ്.പി. രേഖപ്പെടുത്തി വിട്ടയച്ചു. കുടക് സ്വദേശിനി രേഖാമൂലമുള്ള പരാതി നൽകാത്തതിനാൽ സംഭവത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല. ഈ മാസം എട്ടിന് കുറ്റപ്പുഴയിലെ വാടകവീട്ടിൽ നിന്ന് നരബലി ശ്രമത്തിനിടെ പരിചയക്കാരന്റെ സഹായത്തോടെ രക്ഷപ്പെട്ടെന്നാണ് യുവതി പറഞ്ഞത്. യുവതി പറയുന്ന മന്ത്രവാദിയെയും യുവതിയെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ച ആളെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. യുവതി അടുത്ത ദിവസം തന്നെ ഡിവൈ.എസ്.പി.ക്ക് നേരിട്ട് പരാതി നൽകുമെന്നാണ് അറിയുന്നത്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തിയാലേ സംഭവത്തിൽ വ്യക്തത വരുകയുള്ളെന്ന് ഡിവൈ.എസ്.പി. ടി. രാജപ്പൻ പറഞ്ഞു.