 
കോന്നി: അച്ചൻകോവിൽ കല്ലേലി കാനന പാതയിലൂടെ കാൽനടയായി വരുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചു. നിരവധി തീർത്ഥാടകരാണ് ഈ വനപാതയിലൂടെ ദിവസവും കടന്നുപോകുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് ഈ പാതയിലൂടെ കൂടുതലും സഞ്ചരിക്കുന്നത്. ചെങ്കോട്ടയിൽ കോട്ടവാസൽ വഴി തീർത്ഥാടകർ കേരളത്തിലേക്ക് പ്രവേശിക്കുന്നു. അച്ചൻകോവിൽ ക്ഷേത്രത്തിലും കോടമല ദേവസ്ഥാനത്തും, അഞ്ചുരുളി നട, കൽച്ചിറ, കല്ലേലി ഉരലിയപ്പൂപ്പന് കാവ് എന്നിവിടങ്ങളിൽ ദർശനം നടത്തിയ ശേഷമാണ് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ എത്തി വിരിവയ്ക്കുന്നത്. തുടർന്ന് അട്ടച്ചാക്കൽ കിഴക്കുപുറം വഴി മലയാലപ്പുഴ ക്ഷേത്രത്തിലും വടശേരിക്കര ളാഹ വഴി പമ്പയിലും എത്തുന്നു. അച്ചൻകോവിലിൽ നിന്നും 36 കിലോമീറ്റർ സഞ്ചരിച്ചാണ് തീർത്ഥാടകർ കോന്നിയിലെത്തുന്നത്. കല്ലേലി മുതൽ ചെമ്പനരുവി കൂട്ട്മുക്ക് വരെ ഇക്കുറി റോഡിൽ ടാറിംഗ് നടത്തിയിട്ടില്ല. അച്ചൻകോവിൽ, മണ്ണാറപ്പാറ ,നടുവത്തുമൂഴി റേഞ്ചുകളിലൂടെ കടന്നുപോകുന്ന പാതയിൽ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമുള്ളതിനാൽ രാത്രിയാത്ര വനം വകുപ്പ് ഒഴിവാക്കിയിട്ടുണ്ട്. കല്ലേലി മുതൽ അച്ചൻകോവിൽ വരെ അച്ചൻകോവിലാറിനു സമാന്തരമായാണ് വനപാതയിലൂടെയുള്ള യാത്ര തീർത്ഥാടകർക്ക് പുതിയ അനുഭവമാണ് നൽകുന്നത്. കാട്ടുപോത്ത്, കരടി, കടുവ, മ്ലാവ്, കേഴ, പുലി എന്നിവയുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്. കഴിഞ്ഞ ഓണസമയത്ത് നിരവധി സഞ്ചാരികൾ ഈ പാതയിലൂടെ സഞ്ചരിച്ചിരുന്നു. വനം വകുപ്പിന്റെ ചെക്ക് പോസ്റ്റുകളിൽ നിന്ന് വനം വകുപ്പിന്റെ അനുമതിയോടെ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. യാത്രയിൽ കാടിന്റെ പച്ചപ്പും തണുപ്പും ആസ്വദിക്കാം. ഔദ്യോഗിക യാത്രകൾക്ക് രേഖാമൂലം അറിയിപ്പ് ലഭിച്ചാൽ വനം വകുപ്പിന്റെ പട്രോളിംഗ് സംഘം അനുഗമിക്കും.ആവണിപ്പാറയ്ക്ക് സമീപം പുനലൂർ ആലിമുക്കിൽ നിന്നുള്ള പാതയും കൂടി ചേരുന്നുണ്ട്. മകരവിളക്ക് ഉത്സവത്തിന് നടതുറക്കുന്നതിനു ശേഷം ഇതുവഴിയുള്ള തീർത്ഥാടകരുടെ കൂടുതലാകും.
...............
അച്ചൻകോവിൽ കോന്നി വനപാതയിലൂടെയുള്ള കാടിന്റെ പച്ചപ്പും ഭംഗിയും ആസ്വദിച്ചുള്ള ശബരിമലയാത്ര പുതിയ അനുഭവമാണ് നൽകുന്നത്. ( അവിനാശ്
(ശബരിമല തീർത്ഥാടകൻ )