പത്തനംതിട്ട: 50-ാമത് സംസ്ഥാന ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് 26 മുതൽ 29 വരെ പത്തനംതിട്ട മുസലിയാർ എൻജിനീയറിംഗ് കോളേജ് സ്റ്റേഡിയത്തിൽ നടക്കും. 14 ജില്ലകളിൽ നിന്നുള്ള 28 പുരുഷ, വനിതാ ടീമുകൾ പങ്കെടുക്കും. 26 ന് വൈകിട്ട് 5 ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനോയ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി., എം.എൽ.എ മാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, മുസലിയാർ കോളേജ് ചെയർമാൻ പി.ഐ. ഷെരിഫ് മുഹമ്മദ്, വോളിബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യ അസോസിയേറ്റ് സെക്രട്ടറി നാലകത്തു ബഷീർ, നഗരസഭ കൗൺസിലർ ലാലി രാജു എന്നിവർ സംസാരിക്കും.
28ന് സംസ്ഥാന, ദേശീയ അന്തർദ്ദേശീയ വോളിബാൾ മുൻ താരങ്ങളെയും, ഇപ്പോൾ വോളിബാളിന് നേതൃത്വം നൽകുന്ന താരങ്ങളെയും ആദരിക്കും. ആദരിക്കൽ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുൻ ദേശീയ വോളിബാൾ താരങ്ങളായ എസ്. ഗോപിനാഥ്, അബ്ദുൾ റസാഖ്, ജോൺസൺ ജേക്കബ്, ആർ. രാജീവൻ, എന്നിവർ മുഖ്യാതിഥികളായിരിക്കും.

29 ന് സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കുന്ന പുരുഷ വനിതാ ടീമുകൾ നാഷണൽ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. ഒരുക്കങ്ങൾ പൂർത്തികരിച്ചതായി സംഘാടക സമിതി ജനറൽ കൺവീനർ കടമ്മനിട്ട കരുണാകരൻ, കൺവീനർ കെ . അഷറഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.