1
പുതിയ കാവിൽ ചിറ 2 - നേരത്തെ സ്ഥാപിച്ച കുട്ടികളുടെ പാർക്ക് കാടുകയറിയ നിലയിൽ

അടൂർ: പുതിയകാവിൽ ചിറ ടൂറിസം പദ്ധതിയുടെ നവീകരണത്തിന് ഭരണാനുമതി വൈകുന്നു. 2.6. കോടി രൂപയാണ് നവീകരണത്തിന് അനുവദിച്ചത്. അടൂരിന്റെ ടൂറിസം പദ്ധതികളിൽ 25 വർഷമായി പറഞ്ഞുകേൾക്കുന്നതാണ് പുതിയ കാവിൽ ചിറ ടൂറിസം പദ്ധതി. അഞ്ചേക്കർ വരുന്ന പുതിയ കാവിൽ ചിറയുടെ നവീകരണം പലതവണ നടത്തുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തതാണ്.സംരക്ഷണമില്ലാത്തതിനാൽ എല്ലാം നശിച്ചു. ഇതിനുശേഷമാണ് 2.6. കോടി രൂപ അനുവദിച്ചത്. പക്ഷേ ഭരണാനുമതി ഇതുവരെ ലഭിച്ചില്ല.

പൊതുജനങ്ങൾക്ക് സായാഹ്നങ്ങൾ ചെലവഴിക്കാനുള്ള കേന്ദ്രമായാണ് പദ്ധതി വിഭാവനം ചെയ്തത്. ബോട്ട് സർവീസ്, തീരങ്ങളിൽ നടപ്പാത, കുട്ടികളുടെ പാർക്ക്, ഇരിപ്പിടങ്ങൾ , ടോയ്ലറ്റ് കോംപ്ലക്സ് , എന്നിവ നടപ്പാക്കിയെങ്കിലും എല്ലാം നശിച്ചു. നടപ്പാതകളിലും ഇരിപ്പിടങ്ങങ്ങളിലും കാടുകയറി ഇഴജന്തുക്കളുടെ താവളമായി. കുട്ടികളുടെ കളിക്കോപ്പുകൾ തുരുമ്പെടുത്ത് നശിച്ചു. ചിറയുടെ പടിഞ്ഞാറ് ഹോട്ടൽ ആരാമം പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഇവിടേക്ക് വീണ്ടും ആളുകൾ എത്താൻ തുടങ്ങി. ഇതോടെയാണ് ചിറയിലെ ടൂറിസം വീണ്ടും ചർച്ചയായത്. പുതിയ പദ്ധതിയിൽ നിലവിലുള്ളവയുടെ നവീകരണത്തിന് പുറമേ ഓപ്പൺ എയർ തീയറ്ററും ഉണ്ട്. ചിറയുടെ നാലതിരുകളിലും ദീപ സംവിധാനങ്ങളുമുണ്ട്. ഭരണാനുമതി ലഭിച്ചാൽ ഉടൻ നവീകരണ പ്രവർത്തനം ആരംഭിക്കാനാണ് ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ തീരുമാനം.

നവീകരണത്തിന് അനുവദിച്ചത് 2.6. കോടി