daily
വഞ്ചിക പൊയ്കയിലെ വൃദ്ധ സദനത്തിന്റെ കെട്ടിടം

പത്തനംതിട്ട: നഗരസഭയുടെ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച വൃദ്ധസദനത്തിന്റെ പ്രവർത്തനം അടിയന്തരമായി തുടങ്ങണമെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് ആവശ്യപ്പെട്ടു. പാർട്ടി ലീഡർ കെ. ജാസിംകുട്ടിയാണ് വിഷയം ഉന്നയിച്ചത്. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് 40 ലക്ഷം രൂപ ചെലവഴിച്ചാണ് വഞ്ചികപ്പൊയ്കയിൽ ടി.ജി ചാക്കോ സൗജന്യമായി നൽകിയ വസ്തുവിൽ കെട്ടിടം പണിതത്. കെട്ടിടത്തിന്റെയും ചുറ്റുമതിലിന്റെയും പണികൾ പൂർത്തീകരിച്ചിട്ട് 2 വർഷമാകുന്നു. എന്നാൽ ഇലക്ട്രിഫിക്കേഷൻ, പ്ലംബിംഗ് പണികൾ ചെയ്യാനുണ്ട്. ബാക്കിപ്പണികൾ കൂടി പൂർത്തീകരിക്കുവാൻ മുനിസിപ്പൽ എൻജിനീയർക്ക് നഗരസഭ അദ്ധ്യക്ഷൻ അഡ്വ ടി. സക്കീർ ഹുസൈൻ നിർദ്ദേശം നൽകി. അഡ്വ. റോഷൻ നായർ , സി.കെ അർജുനൻ , അംബിക വേണു , ആനി സജി, മേഴ്‌സി വർഗീസ്, അഖിൽ അഴൂർ, ആൻസി തോമസ്, എസ്. ഷമീർ എന്നിവർ പ്രസംഗിച്ചു.