
ആറൻമുള: ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു.
ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തങ്ക അങ്കി, ഇന്നലെ രാവിലെ ഏഴിന് ശരണം വിളികളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രത്യേകം അലങ്കരിച്ച രഥത്തിലേക്ക് കയറ്റി. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം 26ന് വൈകിട്ട് ദീപാരാധനയ്ക്ക് മുൻപ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 450 പവൻ തൂക്കമുള്ള തങ്ക അങ്കി, മണ്ഡല പൂജയ്ക്ക് അയ്യപ്പ സ്വാമിക്ക് ചാർത്താനായി തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമവർമ്മ നടയ്ക്കു വച്ചതാണ്. പത്തനംതിട്ട എ.ആർ. ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് എം.സി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ 60 അംഗ പൊലീസ് സേനയാണ് ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കുന്നത്. അഗ്‌നിശമന സേനയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും അനുഗമിക്കുന്നുണ്ട്.
ആറൻമുള ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ, മുൻ എം.എൽ.എമാരായ എ. പത്മകുമാർ, മാലേത്ത് സരളാദേവി, അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി. വിജയകുമാർ, ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ്, സെക്രട്ടറി ഗായത്രി ദേവി, തിരുവാഭരണ കമ്മിഷണർ ജി. ബൈജു തുടങ്ങിയവർ പങ്കെടുത്തു.