പത്തനംതിട്ട: പത്തനംതിട്ടയുടെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഡോ. കെ. ആർ ബാലകൃഷ്ണപിള്ളയുടെ സ്മരണ നിലനിറുത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. അഴൂരിൽ പ്രവർത്തിക്കുന്ന നഗരസഭ ആയുർവേദാശുപത്രിക്ക് ഡോ. കെ ആർ ബാലകൃഷ്ണപിള്ളയുടെ പേര് നൽകും. നഗരസഭാ ഭരണസമിതിയുടെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നഗരസഭ ആയുർവേദാശുപത്രിയിൽ നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന വേളയിലാണ് പേര് നൽകുന്നത്. പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും നാമകരണം നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈനും നിർവഹിക്കും. നഗരസഭാ പതിനാലാം വാർഡിലെ അങ്കണവാടി കെട്ടിട സമുച്ചയത്തിലെ സാംസ്‌കാരിക കേന്ദ്രത്തിന് അന്തരിച്ച കൗൺസിലർ വി.എ ഷാജഹാന്റെ പേര് നൽകണമെന്ന വാർഡ് കൗൺസിലർ എ. അഷറഫിന്റെ നിർദ്ദേശവും കൗൺസിൽ യോഗം അംഗീകരിച്ചു.