കോന്നി: കോന്നിയിലും പരിസരപ്രദേശങ്ങളിലും മോഷണം വ്യാപകമായി. തെങ്ങുംകാവ് വട്ടക്കുളഞ്ഞി തോളൂർ വീട്ടിൽ ടി.ഇ. എബ്രഹാമിന്റെ വീട്ടിൽ കയറി മോഷ്ടാക്കൾ സ്വർണവും പണവും അപഹരിച്ചത് ഇൗയിടെയാണ്. അടുത്തിടെ കോന്നിയിലും വകയാറിലും ഉണ്ടായ മോഷണങ്ങളുടെ രീതി തന്നെയാണ് ഇവിടെയും നടന്നിട്ടുള്ളതെന്നാണ് വിവരം. ഈ സംഭവങ്ങളിലൊന്നും മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. വട്ടക്കാവ് വെള്ളപ്പാറ തെങ്ങുമുറിയിൽ പി.ടി.ജോസിന്റെ വീട്ടിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തിൽ നിന്ന് രണ്ടു പവൻ മാലയാണ് മോഷ്ടിച്ചത്. രണ്ട് സ്വർണ നാണയങ്ങളും വാച്ചുകളും 10,000 രൂപയും അപഹരിച്ചു. പിറ്റേദിവസം വകയാർ എം.എൽ.എ പടി ഭാഗം വടക്കേത്തുണ്ടിൽ ബേബിക്കുട്ടിയുടെ വീട്ടിൽ കള്ളൻ കയറി 4000 രൂപ മോഷ്ടിച്ചു. വകയാർ പുത്തൻപുരയ്ക്കൽ പി.എം.മാത്യുവിന്റെ വീട്ടിൽ നിന്ന് 5,000 രൂപയും ഒരു പവൻ മാലയും മോഷ്ടിച്ചിരുന്നു. മറ്റു രണ്ടു വീടുകളിലും കള്ളന്മാർ എത്തിയെങ്കിലും മോഷണം നടത്താനായില്ല. അർദ്ധരാത്രിക്കു ശേഷവും പുലർച്ചെയുമായി അടുക്കളവഴി കയറി മോഷണം നടത്തുന്ന സംഘങ്ങളാണ് സംഭവങ്ങൾക്കു പിന്നിൽ. ഇതുസംബന്ധിച്ച് താലൂക്ക് വികസന സമിതിയിൽ പൊലീസിനെതിരെ എം.എൽ.എ അടക്കം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് കാര്യക്ഷമമല്ലെന്നാണ് ആരോപണം .