erattappalam

അടൂർ : നഗരത്തിൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പുതിയ ഇരട്ടപ്പാലങ്ങളിലൂടെ സ്വകാര്യ ബസുകളും പഴയപാലത്തിലൂടെ കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളും കടന്നുപോകുന്നതിന് ക്രമീകരണം ഒരുക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഗതാഗത ഉപദേശക സമിതിയോഗം തീരുമാനിച്ചു. സെൻട്രൽ ജംഗ്ഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ തെക്കുവശത്തുള്ള പുതിയ പാലത്തിൽ കൂടിയും കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് സെൻട്രൽ ജംഗ്ഷനിലേക്ക് പോകുന്ന സ്വകാര്യബസുകൾ വടക്കുവശത്തുള്ള പുതിയ പാലത്തിലൂടെയും പോകണം.

മറ്റ് തീരുമാനങ്ങൾ

കെ.എസ്.ആർ.ടി.സി ജംഗ്ഷന് സമീപമുള്ള ഇരുചക്രവാഹന പാർക്കിംഗ് ഒഴിവാക്കി, വാഴവിള മെഡിക്കൽസിന് വടക്കുവശം രണ്ട് ടാക്സി കാറുകൾക്ക് പാർക്കിംഗ് അനുവദിച്ചു.

ഹോട്ടൽ ഇന്ദ്രപ്രസ്ഥ മുതൽ പാർത്ഥസാരഥി ജംഗ്ഷൻ വരെ ബസ് ബേ കഴിഞ്ഞതിനുശേഷം ഗീതം ഒാഡിറ്റോറിയത്തിന് മുൻവശം വരെയും എം. സി റോഡിന് കിഴക്കുഭാഗത്തായി പാർക്കിംഗ് അനുവദിച്ചു. ജില്ലാ സഹകരണബാങ്കിന് എതിർവശത്തെ ട്രാൻസ്ഫോർമർ മുതൽ ഇന്ദ്രപ്രസ്ഥ ഹോട്ടലിലേക്കുള്ള വഴിയുടെ ഭാഗംവരെ ഇരുചക്രവാഹനങ്ങൾക്കും ശേഷിച്ച ഭാഗത്ത് നാല് ചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം.

വാഹനങ്ങളിലുള്ള കച്ചവടം നിരോധിച്ചു

ഹോളിക്രോസ് ജംഗ്ഷൻ മുതൽ മരിയ ആശുപത്രിക്ക് കിഴക്കുവരെയും സെൻട്രൽ ജംഗ്ഷനിൽ നിന്ന് നെല്ലിമൂട്ടിൽപടി വരെയും റോഡരുകിൽ പെട്ടി ഒാട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളിലുള്ള കച്ചവടം നിരോധിച്ചു. കൂടാതെ പാലത്തിന്റെ ഭാഗത്തും വഴിയോര കച്ചവടം വിലക്കി.

പുതിയ പാലം തുറന്നതോടെ കെ.എസ്.ആർ.ടി.സി കോർണറിലെ ഒാട്ടോറിക്ഷ പാർക്കിംഗ് സംബന്ധിച്ച തീരുമാനമായില്ല.