മല്ലപ്പള്ളി : താലൂക്കിലെ നിരീക്ഷണ കാമറകൾ നോക്കുകുത്തിയായി മാറുന്നു. 2017 ഏപ്രിൽ മാസത്തിൽ മല്ലപ്പള്ളിയിൽ 7 ഹൈ ഡെഫനിഷൻ ബുള്ളറ്റ് കാമറകളും ചാലാപ്പള്ളി ജംഗ്ഷന് സമീപവും പുറമറ്റം ജംഗ്ഷന് സമീപവുമായി ഓരോ കാമറകളും സ്ഥാപിച്ചെങ്കിലും ഇവ പ്രവർത്തിക്കുന്നില്ല. ഇതിൽ 2022 ഏപ്രിൽ മാസം മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിലെ കോട്ടയം റോഡിന് അഭിമുഖമായി സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറ കാണാതെയുമായി . 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിനായി മല്ലപ്പള്ളി പഞ്ചായത്ത് 7.5 ലക്ഷം രൂപ വിനിയോഗിച്ചിരുന്നു. ഇതിൽ എല്ലാ വശങ്ങളിലേക്കും കറങ്ങുന്ന രണ്ട് കാമറകളും സ്ഥാപിച്ചിരുന്നു.
പദ്ധതി ഇങ്ങനെ
പഴയ പൊലീസ് സർക്കിൾ ഓഫീസർ ജംഗ്ഷൻ,സെൻട്രൽ ജംഗ്ഷൻ, വലിയ പാലം,ബസ്റ്റാൻഡിന് ഉൾവശം, ആനിക്കാട് റോഡ്,ട്രാഫിക് ഐലൻഡ്, കോട്ടയം റോഡ് എന്നിവിടങ്ങളിൽ ഇരുമ്പ് തൂണിലാണ് കാമറകൾ ഘടിപ്പിച്ചിരുന്നത്. രാത്രിയും പകലുമായി ഒരുപോലെ പ്രവർത്തിക്കുന്ന കാമറകളിൽ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങൾ സർക്കിൾ ഓഫീസിലെ മോണിറ്ററിംഗ് വിഭാഗത്തിന് ലഭിക്കുന്ന രീതിയിലായിരന്നു പദ്ധതി. മല്ലപ്പള്ളി സർക്കിൾ ഓഫീസിന്റെ പ്രവർത്തനം കീഴ് വായ്പൂര് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും മോണിറ്ററിംഗ് സംവിധാനം ഇതുവരെയും മാറ്റുന്നതിന് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. അനധികൃത പാർക്കിംഗ് ,ഗതാഗത തടസം,വാഹന അപകടം, മോഷണങ്ങൾ , ട്രാഫിക് നിയമങ്ങളുടെ ലംഘനം,ബസ്റ്റാൻഡിലെ സമയക്ലിപ്തത തുടങ്ങിയ പ്രശ്നങ്ങൾക്കും സാമൂഹ്യവിരുദ്ധരുടെ ശല്യം എന്നിവയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നകതാണ് കാമറകളുടെ പ്രവർത്തനം.
-മല്ലപ്പള്ളി പഞ്ചായത്ത് 7 ലക്ഷം മുടക്കി