news
ഇതുസംബന്ധിച്ച് ഡിസം. 5 ന് കേരളകൗമുദി നൽകിയവാർത്ത

അടൂർ : നഗരസഭാ നാലാം വാർഡിൽ കോട്ടപ്പുറം - പ്ളാവിളത്തറ റോഡിൽ കനാൽ പുറമ്പോക്കിൽ ഏത് നിമിഷവും ഒടിഞ്ഞുവീഴാവുന്ന നിലയിൽ ഉണങ്ങിനിൽകുന്ന വലിയ വാകമരം മുറിച്ചുമാറ്റാൻ തങ്ങളുടെ കൈയ്യിൽ പണിമില്ലെന്ന് പറഞ്ഞ് കെ.ഐ.പി അധികൃതർ കൈമലർത്തി. മുറിച്ചുമാറ്റാൻ അഭ്യർത്ഥിച്ച് അധികൃതർ നഗരസഭയ്ക്ക് നോട്ടീസ് നൽകി.ഇതിന് ചെലവാകുന്ന പണം എവിടെനിന്ന് കണ്ടെത്താനാകുമെന്ന് ഇരുട്ടിൽ തപ്പുകയാണ് നഗരസഭയും. ദിനംപ്രതി നിരവധി വാഹനങ്ങളും കാൽനടയാത്രാക്കാരും കടന്നുപോകുന്ന ഇൗപാതയിലെ അപകടഭീഷണിയായി ഉണങ്ങിനിൽക്കുന്ന മരത്തെ സംബന്ധിച്ച് ' വെട്ടിമാറ്റണം, മൂടോടെ ഉണങ്ങി ' എന്ന തലക്കെട്ടിൽ ഡിസം. 5ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. നാട്ടുകാർ ഇതുസംബന്ധിച്ച പരാതി കെ.ഐ.പി അധികൃതർക്ക് നൽകിയതിനൊപ്പം കേരളകൗമുദി വാർത്തയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുറിച്ചുമാറ്റാൻ നഗരസഭയ്ക്ക് അനുമതി നൽകി കത്ത് നൽകിയത്. ഇന്നലെ നഗരസഭയിലെ ട്രീകമ്മിറ്റി യോഗം നഗരസഭാ ചെയർമാൻ ഡി.സജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് വിഷയം ചർച്ചചെയ്യുകയും മുറിച്ചുമാറ്റുന്നതിനായി വരുന്ന ചെലവ് അവലോകനം ചെയ്യുകയും ചെയ്തു. 20,000 രൂപയാണ് മരംമുറിച്ചുമാറ്റുന്നവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും തുക ഏത് ഫണ്ടിൽ നിന്നും കണ്ടെത്താനാകുമെന്നതാണ് നഗരസഭാ അധികൃതരെ കുഴയ്ക്കുന്ന ചോദ്യം. ഉണങ്ങിയ മരം അനുദിനം ദുർബലമായികൊണ്ടിരിക്കുകയാണ്.കാതലില്ലാത്ത തടിയായതിനാൽ ശക്തമായ കാറ്റുണ്ടായാൽ റോഡിലേക്ക് കടപുഴകും. അങ്ങനെ സംഭവിച്ചാൽ വാഹനയാത്രികർക്ക് നാശനഷ്ടം ഉണ്ടാകുന്നതിനൊപ്പം വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകരുന്നതിന് ഇടയാക്കും.

.................................

മരം മുറിച്ചുമാറ്റുന്നതിൽ അധികൃതർ കാട്ടുന്ന അനാസ്ഥ ഗുരുതരമായ ഭവിഷ്യത്ത് ക്ഷണിച്ചു വരുത്തും. അടിയന്തരമായി അധികൃതർ നടപടി എടുക്കണം.

രജനി രമേശ്,

)​കൗൺസിലർ, നാലാംവാർഡ്)

................

ട്രീ കമ്മിറ്റി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തു. ചെലവാകുന്ന തുക എങ്ങനെ കണ്ടെത്തുമെന്നാണ് പ്രധാനപ്രശ്നം. ഇത് മുറിച്ചു മാറ്റേണ്ട ഉത്തരവാദിത്വം കെ.ഐ.പിയുടേതാണ്. അതിൽ നിന്നും ഒഴിഞ്ഞുമാറി നഗരസഭയുടെ തലയിൽ കെട്ടിവച്ചിരിക്കുകയാണ്. എങ്ങനെയെങ്കിലും പണം കണ്ടെത്തി മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കും.

ഡി.സജി,

(അടൂർ നഗരസഭചെയർമാൻ)​