1
തള്ളിയൂർക്കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ പടയണിചടങ്ങൾക്ക് സമാപനമായി നിറഞ്ഞാടിയ മംഗള ഭൈരവിക്കോലം

മല്ലപ്പള്ളി : "പിഴകളെല്ലാം പൊറുത്തുകൊണ്ടേ,അനുഗ്രഹിക്കാ ഭൈരവിയേ" എന്നുള്ള ഈരടികൾ ഏറ്റുചൊല്ലിയാണ് ഒരാഴ്ചത്തെ പടയണിക്ക് തെള്ളിയൂർക്കാവിൽ ചൂട്ടണഞ്ഞത്. ധനു 5ന് പാട്ടമ്പലത്തിൽ ചൂട്ടുവച്ച പടയണിയിൽ മംഗള ഭൈരവി ആടുമ്പോൾ നേരം പുലർന്നിരുന്നു.മൃത്യുഞ്ജയ ഹോമത്തിന് സമാനമായ കാലൻകോലം കളത്തിൽ നിറഞ്ഞാടിയതോടെ മംഗള ഭൈരവിക്കായി ചൂട്ടുകറ്റകൾ നിരന്നുകത്തി , തപ്പുമേളവും കൈമണിയും മുറുകി.സമസ്ത കുറ്റങ്ങളും ഏറ്റുപറഞ്ഞ് ചുവടുവച്ച ഭൈരവി കളം ഒഴിഞ്ഞതോടെ താലപ്പൊലിയുമായി സ്ത്രീജനങ്ങൾ നിരയായി എത്തി കാവിലമ്മമാരെ ക്ഷേത്രത്തിലേക്കു വരവേറ്റു. വഞ്ചിപ്പാട്ടും അസുരതാളവും അകമ്പടിയായി.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ എ.ജി ശശീന്ദ്രൻ നായർ, സെക്രട്ടറി കെ.വി വാമദേവൻ നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.