പത്തനംതിട്ട : ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെയും ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പത്തനംതിട്ട ടൗൺ 86ാം നമ്പർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ശിവഗിരി തീർത്ഥാടന പദയാത്ര ആരംഭിച്ചു. 30ന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും.
ലോകം ഉള്ളിടത്തോളം കാലം ഗുരുവിന്റെ ആശയങ്ങൾ നിലനിൽക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു. ഗുരുവിന്റെ മഹാസന്ദേശം മനുഷ്യരാശിയുടെ ഉന്നമനത്തിനുള്ളതാണ്. ശുചിത്വ പരിപാലനത്തിന്റെ ആവശ്യകതയും മദ്യത്തിനും മയക്കുമരുന്നിനും യുവതലമുറ അടിമകളാകാതെ അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയുമാണ് യാത്രയുടെ സന്ദേശം എന്നും അദ്ദേഹംപറഞ്ഞു.
ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര ജനറൽ സെക്രട്ടറി സ്വാമി ഗുരുപ്രകാശം പദയാത്ര ഉദ്ഘാടനം ചെയ്തു.
ഗുരുവിന്റെ ഉപദേശങ്ങൾ അനുസരിക്കണമെന്നും മറ്റുള്ളവരോട് വൈരാഗ്യം തോന്നരുതെന്നും അദ്ദേഹം പറഞ്ഞു.ശിവഗിരി തീർത്ഥാടനം നാടിന്റെ നന്മയ്ക്കും പുരോഗതിക്കും പ്രയോജനപ്രദമാണെന്ന് തീർത്ഥാടന നവതി ആഘോഷ സന്ദേശം നൽകിയ പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ പറഞ്ഞു.
ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് കെ.ആർ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. പദയാത്ര കൺവീനർ മനുരാജ്, എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ ചെയർമാൻ അഡ്വ.മനോജ് കുമാർ, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ മോഹൻ ബാബു, തിരുവല്ല യൂണിയൻ പ്രസിഡന്റ് കെ.എ ബിജു എന്നിവർ പ്രഭാഷണം നടത്തി.
86ാം നമ്പർ പത്തനംതിട്ട ടൗൺ ശാഖാ പ്രസിഡന്റ് സി.ബി സുരേഷ് , ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര രജിസ്ട്രാർ മധു മാധവൻ, കേന്ദ്ര വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, മാതൃസഭ കേന്ദ്ര പ്രസിഡന്റ് വി.എൻ കുഞ്ഞമ്മ, പന്തളം യൂണിയൻ പ്രസിഡന്റ് ഡോ. എ.വി.ആനന്ദരാജ്, കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ദിവാകരൻ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ,പത്തനംതിട്ട യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, കൗൺസിലർ എസ്.സജിനാഥ്, മൈക്രോ ഫിനാൻസ് കോർഡിനേറ്റർ കെ.ആർ.സലിലനാഥ്, ഗുരുധർമ്മ പ്രചരണ സഭ ജില്ലാ സെക്രട്ടറി എം.എസ് ബിജുകുമാർ എന്നിവർ സംസാരിച്ചു. ഞള്ളൂർ ആത്മസ്വരുപാനന്ദമയി മഠത്തിലെ മാതാ ആത്മ സ്വരുപാനന്ദമയി പദയാത്ര പതാക കൈമാറി. പദയാത്രാ ക്യാപ്ടൻ രാജേന്ദ്രൻ കലഞ്ഞൂർ പതാക ഏറ്റുവാങ്ങി.