omicron

പത്തനംതിട്ട : ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദം ബി.എഫ് 7ന് വ്യാപനശേഷി കൂടുതലാണെന്ന് കണ്ടെത്തിയതോടെ ആശങ്കയും വർദ്ധിച്ചിരിക്കുകയാണ്. ജില്ലയിൽ പ്രവാസികൾ കൂടുതലായുള്ള ജില്ലയായതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന രണ്ട് ശതമാനം ആളുകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ചൈന, ജപ്പാൻ, സൗത്ത് കൊറിയ, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നു. കൊവിഡിന്റെ വകഭേദത്തിൽ ഏറ്റവും അപകടകാരിയായ ഉപവകഭേദമാണ് ഒമിക്രോൺ ബി. എഫ് 7 എന്നാണ് കണ്ടെത്തൽ.

ജില്ലയിൽ നിന്ന് എല്ലാ ദിവസവും പരിശോധനയ്ക്കായി സാമ്പിളുകൾ തിരുവനന്തപുരത്തേക്ക് അയയ്ക്കുന്നുണ്ട്. ആവശ്യമുള്ളവർക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിലും അടൂർ ജനറൽ ആശുപത്രിയിലും ആന്റിജൻ പരിശോധന നടത്താം. മണ്ഡലകാലമാണെങ്കിലും വൈറസ് വ്യാപനം കണക്കിലെടുത്തുള്ള നിയന്ത്രണങ്ങൾ ശബരിമലയിലില്ല.

രോഗ ലക്ഷണം

കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയാണ് ബി.എഫ് 7 വകഭേദത്തിന്റെ രോഗ ലക്ഷണം.

വീണ്ടും ആശങ്ക

പ്രവാസികൾ നിരവധിയുള്ള ജില്ലയാണ് പത്തനംതിട്ട. വിദേശത്ത് പഠനത്തിനായി പോയവരും ഏറെയാണ്. ചൈനയടക്കമുള്ള രാജ്യങ്ങളിൽ പോയിട്ടുള്ള വിദ്യാർത്ഥികൾ അവധിക്കാലത്ത് തിരകെയെത്തുന്ന സമയം കൂടിയാണിത്. ക്രിസ്മസ്, പുതുവത്സര ദിനങ്ങളിലെ അവധി നോക്കിയാണ് വിദേശത്ത് നിന്ന് പ്രവാസികൾ നാട്ടിലേക്കെത്തുന്നത്. വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയമായിട്ടാണ് ഇവർ എത്തുന്നത്. ഒമിക്രോൺ വ്യാപന സാദ്ധ്യത കണക്കിലെടുത്ത് മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നാണ് അധികൃതർ പറയുന്നത്.

"അവധിക്കാലം ചെലവഴിക്കാൻ പ്രവാസികളെല്ലാം നാട്ടിലെത്തുന്ന സമയമാണിപ്പോൾ. എല്ലാവരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കാൻ ശ്രമിക്കണം. സാമൂഹികാകലം പാലിച്ചാൽ അപകട സാദ്ധ്യതയെ ചെറുക്കാൻ കഴിയും. "

‌ഡോ.എൽ.അനിതാകുമാരി

ഡി.എം.ഒ