
ശബരിമല : സംസ്ഥാന സർക്കാരിന്റെ അലംഭാവം മൂലം കേന്ദ്രം ശബരിമലയ്ക്കായി പ്രഖ്യാപിച്ച 100 കോടി രൂപ നഷ്ടമാകുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ശബരിമല ദർശനത്തിനുശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കാൻ എല്ലാവികസന പദ്ധതികൾക്കും ഫണ്ട് നൽകാമെന്ന് കേന്ദ്രം ഉറപ്പുനൽകിയിട്ടും സംസ്ഥാനം മതിയായ താത്പര്യം കാണിക്കുന്നില്ല. രാജ്യത്തെ ഫെഡറൽ സംവിധാനത്തിൽ കേന്ദ്രത്തിന് സംസ്ഥാനം ആവശ്യപ്പെടാതെ ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ കഴിയില്ല. ശബരിമലയ്ക്കായി സംസ്ഥാന സർക്കാർ സമർപ്പിച്ചത് 20 കോടിയുടെ പദ്ധതി മാത്രമാണ്. ഈ പദ്ധതിയുടെ ഭാഗമായാണ് പമ്പ മുതൽ സന്നിധാനം വരെയുളള ശരണപാതയുടെ നവീകരണം നടക്കുന്നത്. ഇതും പൂർണ്ണമായി ചെയ്തു തീർക്കാൻ കഴിഞ്ഞിട്ടില്ല. ശബരിമലയുടെ വികസനത്തിനും തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിനും പദ്ധതികൾ ആവിഷ്‌കരിച്ച് സമയബന്ധിതമായി പൂർത്തിയാക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. ഇതിനായി മൂന്നുവർഷം മുൻപ് 36 മാസ കാലാവധി നൽകിയിരുന്നു. 2022 ഡിസംബറിൽ ഈ കാലാവധി അവസാനിക്കും. എന്നാൽ മതിയായ പദ്ധതികൾ പോലും തയ്യാറാക്കാൻ ശ്രമിച്ചില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ശബരിമലയുടെ വികസനത്തിന് ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ തയ്യാറാക്കണമെന്നും പ്രധാന ഇടത്താവളങ്ങളായ പന്തളം, എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.