പത്തനംതിട്ട : വികസന വാഗ്ദാനങ്ങൾക്കപ്പുറം സേവനങ്ങൾ ജനോപകാരപ്രദമാക്കിയ നഗരസഭ ഭരണസമിതി രണ്ടുവർഷം പൂർത്തിയാക്കുകയാണ് . രണ്ടാം വാർഷികത്തോടനുബന്ധിച്ച് മികച്ച സൗകര്യങ്ങളോടുകൂടിയ ആയുർവേദ ആശുപത്രിയുടെ പുതിയ ബ്ലോക്ക്, ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിട്ടുള്ള പേവാർഡ്, നഗര മാലിന്യ സംസ്കരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് പുതിയ വാഹനങ്ങൾ, പുതിയ എം സി എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) സെന്ററുകൾ, കുമ്പഴയിലെ കംഫർട്ട് സ്റ്റേഷൻ തുടങ്ങിയവ ജനങ്ങൾക്കായി തുറന്നുകൊടുക്കും. നാലു റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. നഗരസഭ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം, നഗരസഭ മാർക്കറ്റ്, തുടങ്ങിയവയുടെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിൽ ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ലൈബ്രറി ആകാനുള്ള പ്രവൃത്തികൾ നഗരസഭ വായനശാലയിൽ ത്വരിതഗതിയിൽ മുന്നേറുന്നു.

നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പത്തനംതിട്ട മാസ്റ്റർ പ്ലാൻ നഗരസഭയുടെ സേവനങ്ങൾ പൂർണമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും ചെയർമാന്റെ പരാതി പരിഹാര സെൽ തുടങ്ങി നിരവധി പദ്ധതികളാണ് ഭാവി പ്രവർത്തനങ്ങളായി ഭരണസമിതി മുന്നോട്ടുവയ്ക്കുന്നത്. നിലവിലുള്ളതും പുതിയതുമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കുക എന്നതാണ് ഭരണസമിതിയുടെ ലക്ഷ്യമെന്ന് ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.