k

ശബരിമല: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നുതിരിച്ച തങ്കഅങ്കി രഥഘോഷയാത്രയ്ക്ക് ശബരീശ സന്നിധിയിൽ ഭക്തിസാന്ദ്രമായ വരവേല്പ്.

ഇന്നലെ ഉച്ചയ്ക്ക് 2ന് പമ്പയിലെത്തിയ ഘോഷയാത്രയെ പമ്പ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അയ്യപ്പന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. 3.30വരെ പമ്പാ ഗണപതി കോവിലിൽ തങ്കഅങ്കി ദർശനത്തിനുവച്ചു. തുടർന്ന് അങ്കി പ്രത്യേക പേടകത്തിലാക്കി സന്നിധാനത്തേക്ക് ആഘോഷപൂർവം പുറപ്പെട്ടു. വൈകിട്ട് 5.30ന് ശരകുത്തിയിലെത്തിയ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.എസ്. ശാന്തകുമാർ, എ.ഇ.ഒ രവികുമാർ, സോപാനം സ്പെഷ്യൽ ഓഫീസർ രാജീവ് എന്നിവർ ചേർന്ന് സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു. 6.15ന് പതിനെട്ടാംപടി കയറിയെത്തിയ ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, തമിഴ്നാട് ദേവസ്വം മന്ത്രി കെ.കെ.ശേഖർബാബു, കെ.യു.ജനീഷ് കുമാർ എം.എൽ.എ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ, അംഗം അഡ്വ. എസ്.എസ്. ജീവൻ, എ.ഡി.ജി.പിയും ശബരിമല പൊലീസ് ചീഫ് കോർഡിനേറ്ററുമായ എം.ആർ. അജിത്കുമാർ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ മനോജ്, ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ് എന്നിവർ ചേർന്ന് സ്വീകരിച്ച് സോപാനത്തേക്ക് കൊണ്ടുവന്നു. തന്ത്രി കണ്ഠരര് രാജീവരര്, മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്ന് തങ്കഅങ്കി ഏറ്റുവാങ്ങി ശ്രീലകത്ത് എത്തിച്ചു. നടഅടച്ച് അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി.

ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് 1973ൽ അയ്യപ്പന് സമർപ്പിച്ചതാണ് 420 പവൻ തൂക്കമുള്ള തങ്കഅങ്കി.

മണ്ഡലപൂജ ഇന്ന്

മണ്ഡലപൂജ ഇന്ന് നടക്കും. ഉച്ചയ്ക്ക് 12.30നും ഒന്നിനും മദ്ധ്യേയുള്ള മീനം രാശി ശുഭ മുഹൂർത്തത്തിൽ നടക്കുന്ന പൂജയ്ക്ക് കണ്ഠരര് രാജീവരര് മുഖ്യകാർമ്മികത്വം വഹിക്കും. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന മണ്ഡല മഹോത്സവത്തിന് പരിസമാപ്തിയാകും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്.