k

ശബരിമല: മണ്ഡല മഹോത്സവത്തിനായി നടതുറന്നതിനുശേഷം ഇന്നലെവരെ സന്നിധാനത്ത് 30 ലക്ഷം തീർത്ഥാടകർ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. നടവരവ് ഇനത്തിൽ 222,98,70,250 രൂപയും കാണിക്ക ഇനത്തിൽ 70,10,51,986 രൂപയുമാണ് ലഭിച്ചത്. അരവണ, അപ്പം എന്നിവയുടെ വില്പനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് വൻ വർദ്ധന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ തിരക്ക് സ്വാഭാവികമാണ്. എന്നാൽ കൂടുതൽ സമയം ക്യൂ നിൽക്കാതെ സൗകര്യമൊരുക്കാനാണ് ദേവസ്വംബോർഡ് ശ്രമിക്കുന്നത്. ദർശനത്തിനെത്തിയവരിൽ 20 ശതമാനവും കുട്ടികളും പ്രായമായവരുമായിരുന്നു.
ശബരിമലയിലും ശബരിമലയിലേക്ക് എത്തുന്ന നിശ്ചിത ഇടങ്ങളിലും തീർത്ഥാടകർക്ക് അപകടമരണം സംഭവിച്ചാൽ ആശ്രിതർക്ക് 5ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഒരുക്കിയിട്ടുണ്ട്. മൃതദേഹം വീട്ടിലെത്തിക്കുന്നതിന് കേരളത്തിലുളള തീർത്ഥാടകർക്ക് 30,000രൂപയും അന്യ സംസ്ഥാനങ്ങളിലുളളവർക്ക് 50,000രൂപയും ധനസഹായം നൽകുന്നുണ്ട്.